ഒക്ടോബർ 26 മുതൽ നവംബർ 3 വരെ നടക്കുന്ന പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ 24 മണിക്കൂറും ഹെൽപ്ഡെസ്ക് പ്രവർത്തിക്കും. ഹെൽപ്ഡെസ്ക് നമ്പർ: 9188933746. തീർത്ഥാടകരുടെ സൗകര്യാർത്ഥം രാത്രിയിലടക്കം വിവിധ ഭാഗങ്ങളിലേക്കായി ബസ് സർവീസുകൾ ക്രമീകരിക്കും.
പെരുന്നാളിന്റെ ഒരുക്കം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പരുമലപള്ളി സെമിനാരി ഹാളില്‍ വിലയിരുത്തി. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും പരമാവധി ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദേശിച്ചു.
തീർത്ഥാടകരുടെ സുരക്ഷയും ഗതാഗത സംവിധാനവും ഉറപ്പാക്കുന്നതിന് തിരുവല്ല, ചെങ്ങന്നൂർ ഡിവൈഎസ്പിമാരെ മന്ത്രി ചുമതലപ്പെടുത്തി. സുരക്ഷാ നടപടികൾ 10 സെക്ടറുകളായി വിഭജിച്ച്, പൊലീസിന്റെ നേതൃത്വത്തിൽ സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമാക്കും. 25 കേന്ദ്രങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിനായി പോലീസിനെ വിന്യസിക്കും. വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നവംബർ 1, 2, 3 തീയതികളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തും.
അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്യുകയും, പ്രദേശം യാചക നിരോധന മേഖലയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുകയും ചെയ്യും. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നവർക്കും പാചകം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
പദയാത്രക്കാരുടെ സൗകര്യത്തിന് 24 മണിക്കൂറും ആംബുലൻസ് സേവനം ഒരുക്കും. മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തിക്കും. ആവശ്യമെങ്കിൽ സ്വകാര്യ ബസുകൾക്ക് താൽക്കാലിക അനുമതി നൽകുന്നതിനും പരിഗണിക്കും.
ഹരിത ചട്ടങ്ങൾ കർശനമായി പാലിക്കുമെന്നും ശുദ്ധജലം പരമാവധി സ്റ്റീൽ ഗ്ലാസുകളിൽ നൽകുമെന്നും മന്ത്രി അറിയിച്ചു. ഹരിതകർമസേനയുടെ സേവനം ഉപയോഗപ്പെടുത്തും. വഴിയോരങ്ങളിൽ തെരുവ്വിലക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കും. ‘ടേക്ക് എ ബ്രേക്ക്’ സംവിധാനം കാര്യക്ഷമമാക്കാൻ കടപ്ര, മാന്നാർ, പാണ്ടനാട് ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശങ്ങൾ നൽകി.
ഫയർഫോഴ്സിന്റെ കീഴിൽ സ്കൂബ ടീം പ്രവർത്തിക്കും. ആയുർവേദ, ഹോമിയോ സ്റ്റാളുകൾ ഒരുക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകളും മൊബൈൽ ലാബും പ്രവർത്തിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തിൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. കുടിവെള്ള വിതരണം മുടക്കമില്ലാതെ നടത്തും; താൽക്കാലിക ടാപ്പുകളും സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും.
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കുകയും പ്രത്യേക സ്ക്വാഡ് വിന്യസിക്കുകയും ചെയ്യും. സിപിആർ പരിശീലനം ലഭിച്ചവരുടെ സേവനം പെരുന്നാൾ ദിവസങ്ങളിൽ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദേശമുണ്ട്.
