You are currently viewing പത്തനാപുരം: വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം—ആർ.കെ.വി.വൈ പദ്ധതിയിൽ 22 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി

പത്തനാപുരം: വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം—ആർ.കെ.വി.വൈ പദ്ധതിയിൽ 22 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി

പത്തനാപുരം നിയോജകമണ്ഡലത്തിലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കർഷകരെയും കൃഷിയിടങ്ങളെയും മനുഷ്യജീവിതത്തെയും സംരക്ഷിക്കുന്നതിനായി ആർ.കെ.വി.വൈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. വനാതിർത്തി മേഖലകളിലെ കർഷകർ ദീർഘകാലമായി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് 22 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതികൾ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

പിറവന്തൂർ പഞ്ചായത്തിലെ ചെളികുഴി എൻക്ലോഷറിൽ 2.6 കിലോമീറ്റർ നീളത്തിലുള്ള സോളാർ പവർ ഫെൻസിങ് പ്രവൃത്തികളും, കിഴക്കേ വെള്ളം തെറ്റി ട്രൈബൽ കോളനിയിൽ സംരക്ഷണ ട്രെഞ്ച് നിർമാണവും പൂർണമായി പൂർത്തീകരിച്ചിട്ടുണ്ട്. വന്യമൃഗ ശല്യം രൂക്ഷമായ മേഖലകളിൽ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും കൂടുതൽ സുരക്ഷിതമാകുന്നതിലൂടെ കർഷകർക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നതെന്ന് എംപി വ്യക്തമാക്കി.

ആർ.കെ.വി.വൈ പദ്ധതിയുടെ ഭാഗമായി സോളാർ ഫെൻസിങിന് 20 ലക്ഷം രൂപയും, ട്രെഞ്ച് നിർമാണത്തിന് 2 ലക്ഷം രൂപയും ചെലവഴിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്. ഇതിലൂടെ വന്യമൃഗ ആക്രമണങ്ങൾ മൂലമുള്ള വിളനാശവും മനുഷ്യജീവിതത്തിനുള്ള ഭീഷണിയും ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇതോടൊപ്പം, പിറവന്തൂർ പഞ്ചായത്തിലെ ഇലപ്പാക്കോട് എൻക്ലോഷറിൽ 2 കിലോമീറ്റർ നീളത്തിലുള്ള ഹാങ്ങിങ് സോളാർ ഫെൻസിങ് പ്രവൃത്തികൾ പുരോഗമിച്ചുവരികയാണ്. വനാതിർത്തിയോട് ചേർന്ന കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തി സമാനമായ സംരക്ഷണ പദ്ധതികൾ തുടർന്നും നടപ്പാക്കുമെന്നും കർഷകരുടെ ഉപജീവനം സംരക്ഷിക്കലും ഗ്രാമീണ മേഖലകളിൽ സുരക്ഷിതമായ ജീവിതം ഉറപ്പാക്കലുമാണ് പ്രധാന മുൻഗണനയെന്നും എംപി അറിയിച്ചു. വന്യജീവി ആക്രമണങ്ങളുടെ തോതിനനുസരിച്ച് കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

Leave a Reply