
കൊച്ചി: തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി ഉത്തരവ് പിൻവലിച്ചു. ദേശീയപാത 544-ലെ ഇടപ്പള്ളി–മണ്ണുത്തി റോഡിന്റെ മോശം നിലയും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി രണ്ട് മാസം മുമ്പ് ടോൾ പിരിവ് തടഞ്ഞിരുന്നു.
ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി വ്യക്തമാക്കിയതനുസരിച്ച്, ടോൾ പിരിവ് പുനരാരംഭിക്കാമെങ്കിലും പഴയ നിരക്കിൽ മാത്രമേ ഈടാക്കാവൂ. കൂട്ടിയ നിരക്ക് ഈടാക്കുന്നത് അനുവദനീയമല്ലെന്നും വിധിയിൽ പറയുന്നു.
റോഡിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടയിലും, ടോൾ നിരക്ക് വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടി നേരത്തെയും കോടതി വിമർശിച്ചിരുന്നു.
കേസിന്റെ അന്തിമതീരുമാനം ഇനിയും വന്നിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തി പത്ത് ദിവസത്തിന് ശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. പാലിയേക്കര ടോൾപ്ലാസയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
