
ഇടുക്കി: ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയതായി ജലവിഭവശേഷി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
സുരക്ഷാ നടപടികളുടെ ഭാഗമായി ഇതുവരെ കാല്‍നട സന്ദര്‍ശനം നിരോധിച്ചിരിക്കുകയായിരുന്നു. നിലവില്‍ ബഗ്ഗി കാറുകള്‍ വഴിയാണ് ദിവസേന 800 പേര്‍ക്ക് മാത്രമായി സന്ദര്‍ശനം അനുവദിച്ചിരുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തുന്നവര്‍ക്കാണ് പ്രവേശനാനുമതി ഉണ്ടായിരുന്നത്.
ഇത് പരിഷ്‌കരിച്ച് ഇനി സന്ദര്‍ശകര്‍ക്ക് കാല്‍നടയായി ഡാം നടന്ന് കാണാനുള്ള അനുമതിയും ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവസാനം വരെ കാല്‍നട സന്ദര്‍ശനം അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഡാം വീണ്ടും കാല്‍നടയായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി മന്ത്രിയും, ജില്ലാ കലക്ടര്‍ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും സന്ദര്‍ശകര്‍ക്ക് അനുവദിച്ചിട്ടുള്ള വഴിയിലൂടെ നടന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. നാളെ മുതല്‍ നിയന്ത്രണം ഒഴിവാക്കി പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ദിവസേന 800 പേരെന്ന പഴയ നിയന്ത്രണം നിലനില്‍ക്കില്ല.
