ശാസ്താംകോട്ട :ഭരണിക്കാവിലെ ഗതാഗതപരിഷ്‌ക്കാര നടപടികൾ വീണ്ടും കർശനമാക്കാൻ ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് നടപടി ആരംഭിക്കുന്നു. ഇതിനായി, ആഗസ്റ്റ് ഒന്നുമുതൽ യാത്രക്കാർ ബസിൽ കയറാൻ സ്റ്റാൻഡിലേക്ക് പോകേണ്ടതും, ജംഗ്ഷനിൽ നിന്ന് ബസിൽ കയറുന്നത് പൂര്‍ണമായി ഒഴിവാക്കേണ്ടതുമാണെന്ന് ഡിവൈഎസ്‌പി ജി.ബി. മുകേഷ് അറിയിച്ചു.
ഗതാഗതക്കുരുക്കിന് സ്ഥിരം പരിഹാരം കാണുന്നതിനായി ജൂലൈ 28-ന് കോവൂർ എം.എൽ.എ കഞ്ഞുമോന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ എല്ലാ ബസുകളും സ്റ്റാൻഡിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും അത് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല, ഈ സാഹചര്യത്തിലാണ് പൊലീസ് ഇടപെടൽ ശക്തമാക്കുന്നത്.
ബസുകൾ സ്റ്റാൻഡിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം കണ്ടില്ല. ഇനി മുതൽ ജംഗ്ഷനിൽ ബസ് സ്റ്റോപ്പുകൾ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.
പുതിയ നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുകയും പാതയിൽ പാർക്കിങ്ങിനായി നിർത്തിയിരിക്കുന്ന സ്വകാര്യവാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. ഇവർക്കും പിഴ ഈടാക്കും.
