
പൊൻകുന്നം: പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപമുള്ള വാടകവീട്ടിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാന്നാർ സ്വദേശിയായ സാജൻ (33)യും ഭാര്യ വാഴൂർ സ്വദേശിനിയായ അനുഷ (30)യും ആണ് മരിച്ചത്. വാടകവീട്ടിന്റെ രണ്ടാം നിലയിലുള്ള മുറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രിയിൽ വീട്ടിൽ നിന്ന് വഴക്കിന്റെ ശബ്ദം കേട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാവിലെ ഫോൺ വിളിച്ചപ്പോൾ മറുപടി ലഭിക്കാതിരുന്നതോടെ വീട്ടുടമകൾ മുകളിലേക്ക് ചെന്നു നോക്കിയപ്പോൾ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടെത്തിയത്.
ഇവർക്കൊപ്പം രണ്ടര വയസ്സുള്ള മകനും വീട്ടിലുണ്ടായിരുന്നു. ഉറക്കം ഉണർന്ന കുട്ടി കരയുന്നത് കേട്ടതോടെയാണ് വീട്ടുടമകൾ ആദ്യം ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചത്. തുടർന്ന് മുകളിലേക്ക് ചെന്നപ്പോൾ ദമ്പതികൾ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടതായാണ് വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.