ഇടുക്കി: പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി പൊന്മുടി ഡാമിലെ ഷട്ടറുകൾ ഇന്ന് (നവംബർ 12) രാവിലെ 10 മണിക്ക് തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പൂർണസംഭരണ ജലനിരപ്പ് (FRL) 707.75 മീറ്ററായ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 706.60 മീറ്ററായി റെഡ് അലർട്ട് ലെവലായ 706.50 മീറ്റർ കടന്നതിനാലാണ് തീരുമാനം. ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി ഈ നടപടി സ്വീകരിക്കുന്നത്.
മൂന്ന് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തി പരമാവധി 150 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടും. ഇതിലൂടെ വലിയ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നില്ലെങ്കിലും, പുഴയുടെ ഇരുകരകളിലും വെള്ളനിരപ്പ് 50 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഷട്ടറുകൾ തുറക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ പാലിക്കുകയും, ജനങ്ങളിലേക്ക് മുന്നറിയിപ്പ് എത്തിച്ചതായി ഉറപ്പുവരുത്തണമെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
