You are currently viewing ഉറവിട ജൈവമാലിന്യ സംസ്കരണത്തിന് നൂതന മാർഗങ്ങൾ അവതരിപ്പിച്ച് പോരുവഴി ഗ്രാമപഞ്ചായത്ത്

ഉറവിട ജൈവമാലിന്യ സംസ്കരണത്തിന് നൂതന മാർഗങ്ങൾ അവതരിപ്പിച്ച് പോരുവഴി ഗ്രാമപഞ്ചായത്ത്

ഉറവിട ജൈവമാലിന്യം 100 ശതമാനവും ഉറവിടത്തില്‍ സംസ്‌കരിച്ച് നൂതനമാര്‍ഗങ്ങളുമായി പോരുവഴി ഗ്രാമപഞ്ചായത്ത്. 2024-25 സാമ്പത്തിക വര്‍ഷം ശുചിത്വമിഷന്റെ ഫണ്ടില്‍നിന്നും 9.45 ലക്ഷം രൂപ ചിലവഴിച്ച് ദൈനംദിനം 50 മുതല്‍ 100 കിലോഗ്രാം വരെ ജൈവമാലിന്യം സംസ്‌കരിക്കാന്‍ പര്യാപ്തമായ ഗോബര്‍ദ്ധന്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. പോരുവഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലാണ് പ്ലാന്റുകള്‍. ഭക്ഷണ അവശിഷ്ടങ്ങളും പാചക അവശിഷ്ടങ്ങളും ബയോഗ്യാസ് പ്ലാന്റില്‍ സംസ്‌കരിച്ച് പാചകവാതകമായി  ഉപയോഗിക്കുന്നു.

ആയുര്‍വേദ ആശുപത്രിയില്‍നിന്നുള്ള ജൈവമാലിന്യങ്ങള്‍ പ്ലാന്റിലൂടെ സംസ്‌കരിച്ച് ഊര്‍ജമാക്കി ശുചിത്വവും ഉറപ്പാക്കി. ലഭ്യമാകുന്ന ഊര്‍ജം മരുന്നുകള്‍ തയ്യാറാക്കാനും പ്രയോജനപ്പെടുത്തുന്നു.  കരിയില ഒഴികെ ജൈവമാലിന്യങ്ങളെല്ലാം ശാസ്ത്രീയമായി സംസ്‌കരിക്കുന്നു. പ്ലാന്റുകളുടെ തുടര്‍പ്രവര്‍ത്തനവും പരിപാലനവും പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ്. ജില്ലയില്‍ ഒന്നിലധികം പ്ലാന്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഏക പഞ്ചായത്താണ് പോരുവഴി. വീടുകളിലെ മാലിന്യനിര്‍മാര്‍ജനത്തിനും വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.

2024-25 സാമ്പത്തിക വര്‍ഷം ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും 3,26,060 രൂപ വിനിയോഗിച്ച് ഗ്രാമപഞ്ചായത്തിലെ 137 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക മാലിന്യസംസ്‌കരണത്തിന് ഓര്‍ഗാനിക് കമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്തു. 2380 രൂപ വിലയുള്ളവയ്ക്ക് 90 ശതമാനമാണ് സബ്‌സിഡി. ഗ്രാമസഭമുഖേന തിരഞ്ഞെടുക്കപ്പെടുന്ന ആറ് സെന്റില്‍ താഴെ വസ്തുവുള്ള കുടുംബങ്ങള്‍, കര്‍ഷകര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. ഹരിതകര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ ഓര്‍ഗാനിക് കമ്പോസ്റ്റ് ബിന്നുകളുടെ തുടര്‍പരിപാലനം ഉറപ്പാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം (2025-2026) ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും 12,89,960 രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ഇത്തവണ 531 ഗുണഭോക്താക്കള്‍ക്ക് 90 ശതമാനം സബ്‌സിഡി നിരക്കില്‍ ബിന്‍ നല്‍കും.

ജൈവമാലിന്യ സംസ്‌കരണത്തിനായി വീടുകള്‍തോറും ബൊക്കാഷി ബക്കറ്റും വിതരണംചെയ്തു. 2024-25 സാമ്പത്തിക വര്‍ഷം ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും 102420 രൂപ വകയിരുത്തി 2845 രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന ബൊക്കാഷി ബക്കറ്റ് 36 കുടുംബങ്ങള്‍ക്ക് നല്‍കി. വിലയുടെ 10 ശതമാനമായ 285 രൂപ ഗുണഭോക്താക്കള്‍ നല്‍കണം. ബാക്കി 90 ശതമാനം പഞ്ചായത്ത് വഹിക്കും. ജൈവമാലിന്യം ബക്കറ്റിലാക്കി ബാക്ടീരിയ ചേര്‍ത്ത് വളമാക്കുന്ന രീതിയാണ് ബൊക്കാഷി.

ബക്കറ്റ്, ലാക്റ്റോബാസിലസ് ബാക്ടീരിയപൊടിയും ലഭ്യമാക്കി. ഗുണഭോക്തൃവിഹിതം നല്‍കിയാല്‍പഞ്ചായത്ത് പരിധിയിലെ കുടുംബങ്ങള്‍ക്ക് ബക്കറ്റ് നല്‍കും. ഈ സാമ്പത്തിക വര്‍ഷം (2025-2026) ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും 14,50,950 രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. 500 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.

ഉറവിടമാലിന്യപരിപാലനസംസ്‌കാരം വളര്‍ത്തുന്നതിന് എല്ലാ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും വിവിധസംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ തുടര്‍ന്നും നടപ്പാക്കുമെന്ന് പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് വ്യക്തമാക്കി.

Leave a Reply