മുളങ്കുന്നത്തുകാവ് ∙ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം സമയം വൈകിട്ട് 4 മണിയിൽ നിന്ന് 7 മണിവരെ ദീർഘിപ്പിച്ചു. ഇനി മുതൽ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ട് 7 മണിവരെ ഫോറൻസിക് വിഭാഗത്തിലേക്ക് എത്തിക്കുന്ന മൃതദേഹങ്ങൾ അന്നേ ദിവസം തന്നെ പോസ്റ്റ്മോർട്ടം ചെയ്യും. പുതിയ സമയക്രമം ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു.
ഫോറൻസിക് വിഭാഗം മേധാവിയായി ചുമതലയേറ്റ ഡോ. ഹിതേഷ് ശങ്കറിന്റെ ആദ്യ ഉത്തരവാണിത്. ജീവനക്കാരുടെ ജോലി സമയം രണ്ടു ഷിഫ്റ്റുകളാക്കി പുനക്രമീകരിച്ചു — രാവിലെ 8 മുതൽ പകൽ 2 വരെയും, പകൽ 2 മുതൽ രാത്രി 8 വരെയും.
ഫോറൻസിക് വിഭാഗത്തിൽ ഉടൻ തന്നെ സിസി ടിവി സ്ഥാപിക്കും. കൂടാതെ മോർച്ചറിയിലെ 16 ഫ്രീസറുകളിൽ ആറ് എണ്ണം പൊതുജനങ്ങൾക്ക് സൗജന്യമായി മൃതദേഹം സൂക്ഷിക്കാൻ അനുവദിക്കുമെന്നും ഡോ. ഹിതേഷ് ശങ്കർ അറിയിച്ചു.
