You are currently viewing ഉത്സവകാലത്ത് വിലനിയന്ത്രണം: കൺസ്യൂമർഫെഡും പൊതുവിതരണ വകുപ്പും പദ്ധതികളുമായി – മന്ത്രി കെ. എൻ. ബാലഗോപാൽ

ഉത്സവകാലത്ത് വിലനിയന്ത്രണം: കൺസ്യൂമർഫെഡും പൊതുവിതരണ വകുപ്പും പദ്ധതികളുമായി – മന്ത്രി കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര: ഉത്സവകാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കൺസ്യൂമർഫെഡും പൊതുവിതരണ വകുപ്പും നിരവധി പദ്ധതികൾ വിജയകരമായി നടപ്പാക്കിയതായി ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. തൃക്കണ്ണമംഗൽ കൊട്ടാരക്കര മുനിസിപ്പൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്–പുതുവത്സര സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ സബ്‌സിഡികൾ വിപുലീകരിച്ചിട്ടുണ്ടെന്നും, ഭക്ഷ്യഉൽപാദനത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യ വില്പനയും അദ്ദേഹം നിർവഹിച്ചു.
കൊട്ടാരക്കര മുനിസിപ്പൽ കൗൺസിലർ ലീനാ ഉമ്മൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ ജില്ലാ വിപണിയിലും 26 ത്രിവേണി സൂപ്പർമാർക്കറ്റുകളിലുമാണ് ക്രിസ്മസ്–പുതുവത്സര വിപണനം സംഘടിപ്പിച്ചിരിക്കുന്നത്.

ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ ഉൾപ്പെടെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണയും വിപണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനുവരി ഒന്നുവരെയാണ് വിപണികൾ പ്രവർത്തിക്കുക. മറ്റ് ഉൽപ്പന്നങ്ങൾക്കും 10 മുതൽ 40 ശതമാനം വരെ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രാൻഡഡ് ഉൽപ്പന്നങ്ങളും പ്രത്യേക ഓഫറുകളോടെ ലഭ്യമാകും.

കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലെത്തിക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ, ക്രിസ്മസ്–പുതുവത്സര കേക്കുകൾ എന്നിവയും വിലക്കുറവിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. റേഷൻ കാർഡ് മുഖേനയാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply