
കൊട്ടാരക്കര: കൊട്ടാരക്കര പുലമണിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നിർമാണം ഉടൻ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണത്തിന് മുന്നോടിയായി സ്ഥലം സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ചാണ് ബസ് സ്റ്റാൻഡിനുള്ളിൽ പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നത്. ഒരേസമയം 50 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് കേന്ദ്രം രൂപകൽപ്പന ചെയ്യുന്നത്. 15 അടി ഉയരത്തിലുള്ള ഈ കാത്തിരിപ്പ് കേന്ദ്രം വഴി യാത്രക്കാർക്ക് മഴ നനയാതെ ബസുകളിൽ കയറാൻ സൗകര്യമുണ്ടാകും.
കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും ആധുനിക സൗകര്യങ്ങളോടുകൂടിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 64 ലക്ഷം രൂപ ചെലവഴിച്ചാണ് സ്വകാര്യ ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. സ്റ്റാൻഡിൽ ശുചിമുറി സൗകര്യം, പൊലീസ് എയ്ഡ് പോസ്റ്റ്, ഫീഡിങ് റൂം, വ്യാപാരസ്ഥാപനങ്ങൾക്കുള്ള ഇടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ഥലപരിശോധനയ്ക്കിടെ കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിതാ ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ. ഷാജു, പി.ഡബ്ല്യു.ഡി ചീഫ് ആർക്കിടെക്ട് വി. എസ്. ഗിരീഷ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.