You are currently viewing മനുഷ്യവിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

മനുഷ്യവിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം മുട്ടത്തറയിൽ 36 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഒമ്നി പ്രോസസർ ഇന്ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കക്കൂസ് മാലിന്യത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഈ പദ്ധതി, സംസ്ഥാനത്ത് മാലിന്യസംസ്കരണ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.
ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷന്റെ സമ്പൂർണ്ണ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെയും ഭാര്യ മെലിൻഡയുടെയും നേതൃത്വത്തിലുള്ള ഫൗണ്ടേഷനാണ് ഇതിന് പിന്നിൽ. സംസ്ഥാന സർക്കാരിനോ ശുചിത്വമിഷനോ സാമ്പത്തിക ബാധ്യത ഒന്നുമില്ല.

ആദ്യം ഹൈദരാബാദിൽ സ്ഥാപിക്കാനായിരുന്നു പദ്ധതിയെങ്കിലും, സംസ്ഥാന സർക്കാരിന്റെ ചടുല ഇടപെടലും വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക പിന്തുണയും കൊണ്ട് പദ്ധതി കേരളത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. തിരുവനന്തപുരത്ത് സ്ഥാപിക്കാനെടുത്ത തീരുമാനത്തിന് ശേഷം എയർപോർട്ട് അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതായിരുന്നു വലിയ വെല്ലുവിളി. തുടക്കത്തിൽ ഉണ്ടായ തടസ്സങ്ങൾ സംസ്ഥാന സർക്കാരിന്റെ നിരന്തര ശ്രമം മൂലം പരിഹരിക്കപ്പെട്ടു.

കേരളത്തിലെ ഏറ്റവും വലിയ ദ്രവ-ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റാണ് മുട്ടത്തറയിലെ ഒമ്നി പ്രോസസർ. പ്രതിദിനം 107 ദശലക്ഷം (10.7 കോടി) ലിറ്റർ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ട്. സംസ്കരണത്തിനുശേഷം ലഭിക്കുന്ന ഖരമാലിന്യം വൈദ്യുതി ഉൽപാദനത്തിന് വിനിയോഗിക്കും. ഇതിലൂടെ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ മുഴുവൻ വൈദ്യുതിയും ഉറപ്പാക്കുന്നതോടൊപ്പം, അവശേഷിക്കുന്ന ഖരമാലിന്യവും പൂർണമായും ഇല്ലാതാകും.
അടുത്ത മാർച്ചോടെ നിർമ്മാണം പൂർത്തിയാക്കി യൂണിറ്റ് പ്രവർത്തനം ആരംഭിക്കും. മാലിന്യസംസ്കരണ രംഗത്ത് കേരളം കൈവരിക്കുന്ന കുതിപ്പിന്റെ ഏറ്റവും പുതിയ നേട്ടമായി പദ്ധതി മാറുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply