
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വിട്ടയച്ചു. കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയ ഉടൻ തന്നെ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചെയർമാൻ പദവി വഹിച്ചിരുന്ന സമയത്ത്, ഒരു വനിതാ ചലച്ചിത്ര പ്രവർത്തകയോട് ഹോട്ടൽ മുറിയിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
എന്നാൽ, അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന ഇടക്കാല ഉത്തരവ് തിരുവനന്തപുരം സെഷൻസ് കോടതി ഡിസംബർ 20ന് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അദ്ദേഹത്തെ ഉടൻ വിട്ടയച്ചത്.
തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതി പൂർണ്ണമായും വ്യാജമാണെന്നും കുഞ്ഞുമുഹമ്മദ് പോലീസിനോട് വ്യക്തമാക്കി. പരാതിയിലെ ആരോപണങ്ങൾ അദ്ദേഹം ശക്തമായി നിഷേധിച്ചിട്ടുണ്ട്.
ഇതിനിടെ, കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.