
തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം പുനരുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുകയാണ്. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ജലം മുകളിലേക്ക് പമ്പ് ചെയ്യുകയും, രാത്രിയിൽ ആവശ്യം കൂടുമ്പോൾ അതേ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഇതിന്റെ മുഖ്യ സവിശേഷത.
ഈ സംവിധാനം വ്യാപകമായി നടപ്പാക്കിയാൽ രാത്രികളിൽ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട ആവശ്യം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഏകദേശം 6000 മെഗാവാട്ടിലധികം ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് സാധ്യതയുണ്ടെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ പ്രാഥമികമായി കണ്ടെത്തിയ നാല് സ്ഥലങ്ങൾ മുതിരപ്പുഴ, കക്കയം, പൊരിങ്ങൽക്കുത്ത്, ഇടുക്കി എന്നിവയാണ്.
മുതിരപ്പുഴയിൽ 100 മെഗാവാട്ട് ശേഷിയുള്ള പദ്ധതി ആദ്യം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായുള്ള ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് (DPR) തയ്യാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്. കക്കയത്ത് 800 മെഗാവാട്ട് പദ്ധതിക്കായുള്ള ഡി പി ആർ തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികളും ആരംഭിച്ചിരിക്കുകയാണ്.
പുനരുപയോഗ ഊർജത്തിലൂടെ സംസ്ഥാനത്തിന്റെ ഊർജ സ്വയംപര്യാപ്തത നേടാനുള്ള ലക്ഷ്യത്തിലേക്കുള്ള പ്രധാന ഘട്ടമായിരിക്കും ഈ പദ്ധതികൾ, എന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.
