
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ 1999 ലെ സൂപ്പർഹിറ്റ് ചിത്രമായ പടയപ്പ വീണ്ടും വെള്ളിത്തിരയിലേക്ക്. 2025 ഡിസംബർ 12ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം രജനീകാന്തിന്റെ 75-ാം പിറന്നാളിനെയും 1975 ലെ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന്റെ 50-ാം വാർഷികത്തെയും ഒരുമിച്ചുള്ള ആഘോഷമായി മാറുന്നു.

കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവജി ഗണേശൻ, രമ്യാ കൃഷ്ണൻ, സൗന്ദര്യ തുടങ്ങിയ പ്രമുഖര്‍ അഭിനയിച്ചിരുന്നു. എ.ആർ. രഹ്മാന് ഒരുക്കിയ സംഗീതം, കുടുംബ അഭിമാനവും വൈരാഗ്യവും ഒത്തുചേർന്ന കഥയിലൂടെ തീയേറ്ററുകള്‍ ആഘോഷവേദികളാക്കിയ ചിത്രമാണ് പടയപ്പ.
റിറിലീസിനോടനുബന്ധിച്ച് രജനീകാന്തിന്റെ മകള്‍ സൗന്ദര്യ, അച്ഛന്റെ പ്രശസ്ത പടയപ്പ സ്റ്റൈലുകൾ പുനരാവിഷ്കരിക്കുന്ന ഒരു നൊസ്റ്റാൾജിക് ടീസർ പുറത്തിറക്കി. ഇത് ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ തലമുറയ്ക്ക് ഈ കൾട്ട് ക്ലാസിക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി തീയേറ്ററുകൾ പ്രത്യേക ഫാന്‍ ഷോകളും തീംഡ് സ്ക്രീനിംഗുകളും ട്രിബ്യൂട്ട് ഇവന്റുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
26 വര്‍ഷങ്ങൾക്ക് ശേഷവും പടയപ്പയ്ക്കുള്ള ആരാധന കുറയുന്നില്ല. ഐക്കോണിക് ഡയലോഗുകളും എക്കാലത്തെയും ഹിറ്റായ ഗാനങ്ങളും ഇന്നും അതിന്റെ മായികം നിലനിർത്തുന്നു.