
സംസ്ഥാന സർക്കാരിന്റെ റവന്യൂ അവാർഡ് 2026 പ്രഖ്യാപനത്തിൽ മികച്ച കളക്ടറായി അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കളക്ടറേറ്റായി തിരുവനന്തപുരം കളക്ടറേറ്റിനും പുരസ്കാരം ലഭിച്ചു.

2017-ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അർജ്ജുൻ പാണ്ഡ്യൻ, 2024 ജൂലൈ 19 മുതൽ തൃശ്ശൂർ ജില്ലാ കളക്ടറായി സേവനം അനുഷ്ഠിച്ചു വരികയാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടർ, ഒറ്റപ്പാലം–മാനന്തവാടി സബ് കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഇടുക്കി ഡെവലപ്മെന്റ് കമ്മീഷണർ, ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, ജോയിന്റ് കമ്മീഷണർ (റവന്യൂ), സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറി, ഹൗസിംഗ് ബോർഡ് സെക്രട്ടറി, ലേബർ കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ തുടങ്ങിയ പ്രധാന ഭരണപദവികൾ അദ്ദേഹം മുൻപ് വഹിച്ചിട്ടുണ്ട്.
ആംഗൻവാടികളെ സമൂഹകേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനുള്ള നവീന ഇടപെടലുകൾ ഉൾപ്പെടെ വനിതാ-ശിശു ക്ഷേമ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്ക്, ഐസിഡിഎസ് പദ്ധതിയുടെ ഭാഗമായി മികച്ച ജില്ലാ കളക്ടർ അവാർഡും അദ്ദേഹം ഇതിനകം സ്വന്തമാക്കിയിരുന്നു.
റവന്യൂ വകുപ്പിൽ പൊതുസേവന വിതരണത്തിൽ കൈവരിച്ച കാര്യക്ഷമത, ഭൂമിസംബന്ധമായ പരാതികളുടെ വേഗത്തിലുള്ള പരിഹാരം, ഇ-ഗവേണൻസ് സംവിധാനങ്ങളുടെ വ്യാപനം തുടങ്ങിയ മേഖലകളിൽ പ്രകടിപ്പിച്ച മികവിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ മികച്ച കളക്ടർ പുരസ്കാരത്തിന് അർജ്ജുൻ പാണ്ഡ്യനെ തെരഞ്ഞെടുത്തത്.
അതേസമയം, സേവനങ്ങൾ വേഗത്തിലാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കിയ ഡിജിറ്റൽ ഭരണ സംവിധാനങ്ങൾ, ഫയൽ തീർപ്പാക്കൽ വേഗത, പൊതുജനപരാതി പരിഹാര സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് തിരുവനന്തപുരം കളക്ടറേറ്റിനെ മികച്ച കളക്ടറേറ്റായി തിരഞ്ഞെടുത്തത്.