You are currently viewing നെല്ലിന് ഇലകരിച്ചില്‍; കര്‍ഷര്‍ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

നെല്ലിന് ഇലകരിച്ചില്‍; കര്‍ഷര്‍ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ ജില്ലയിലെ കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം(കെസിപിഎം) അറിയിച്ചു. നെല്ല് വിതച്ച് 35 മുതല്‍ 85 ദിവസം വരെ പ്രായമായ പാടശേഖരങ്ങളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്.  പ്രാരംഭദിശയില്‍ തന്നെ പാടശേഖര അടിസ്ഥാനത്തില്‍ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ രോഗം ഫലപ്രദമായി നിയന്ത്രണ വിധേയമാക്കാന്‍ കഴിയൂ എന്ന് കെസിപിഎം കളര്‍കോട് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. 

വെള്ളവും വളവുമൊക്കെ വലിച്ചെടുക്കുന്ന ചെടിയുടെ നാളികളില്‍ ബാക്ടീരിയല്‍ കോശങ്ങള്‍ നിറയുന്നത് മൂലം വെള്ളത്തിന്റെയും മൂലകങ്ങളുടെയും മുകളിലേയ്ക്കുള്ള ആഗിരണം തടസ്സപ്പെടുന്നു.  ഇതിന്റെ ബാഹ്യലക്ഷണമാണ് ഇലകരിച്ചില്‍.  ഇപ്പോള്‍ നിലനില്‍ക്കുന്ന കാലാവസ്ഥ രോഗവ്യാപനത്തിന് വളരെ അനുകൂലമാണെന്നും പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു. മഴയിലൂടെയും കാറ്റില്‍ ഇലത്തുമ്പുകള്‍ തമ്മിലുരസുന്നതു വഴിയും വയലില്‍ കയറ്റുന്ന വെള്ളത്തിലൂടെയും വളരെ വേഗത്തില്‍ രോഗവ്യാപനം നടക്കും.    

*നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇങ്ങിനെ…*

*പച്ചച്ചാണകം കിഴികെട്ടി തൂമ്പു ഭാഗത്ത് ഇടുകയോ, ചാണക സ്‌ളറി പാടശേഖരത്തില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യാം. അല്ലാത്ത പക്ഷം ബ്ലീച്ചിംഗ് പൗഡര്‍ ഏക്കറിന് രണ്ട് കിലോഗ്രാം എന്ന തോതില്‍ ചെറിയ മസ്‌ലിന്‍ കിഴികളിലാക്കി വെള്ളം കയറ്റുന്ന സ്ഥലങ്ങളില്‍ വെയ്ക്കാം.
*രോഗത്തിന്റെ പ്രാംരംഭ ഘട്ടത്തില്‍ ബ്രോണോപോള്‍ 100 ശതമാനം (ബയോനോള്‍) 5 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍, 3 മില്ലി ഫില്‍വെറ്റ്/ടീപോള്‍ (പശ) കൂടി ചേര്‍ത്ത് തളിച്ചു കൊടുക്കാം.  മുകളിലെ ഇലകള്‍ നന്നായി നനയത്തക്ക വിധം തളിക്കണം.
*രോഗം കൂടുതല്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ സ്ട്രപ്‌റ്റോസൈക്ലിന്‍ രണ്ട് ഗ്രാം, കോപ്പര്‍ ഓക്‌സീക്ലോറൈഡ് മൂന്ന് ഗ്രാം എന്നിവ ഓരോന്നും 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന അളവില്‍ കലക്കി 10 ലിറ്ററിന് മൂന്ന് മില്ലി ഫില്‍വെറ്റ്/ടീപോള്‍ കൂടി ചേര്‍ത്ത് തളിച്ചു കൊടുക്കാം.
*ജൈവ മാര്‍ഗങ്ങള്‍ അവലംബിക്കുന്ന കര്‍ഷകര്‍ക്ക് 20 ഗ്രാം സ്യൂഡോമോണാസ് ഫ്‌ളൂറസെന്‍സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഫ്‌ളൂറസെന്‍സ്, ബാസിലസ് സബ്റ്റിലിസ് എന്നിവ ഓരോന്നും 20 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ മേല്‍ സൂചിപ്പിച്ച അളവില്‍ പശ കൂടി ചേര്‍ത്ത് (3 മില്ലി 10 ലിറ്റര്‍ വെള്ളം) തളിക്കുന്നതും വളരെ ഫലപ്രദമാണ്.
*പൊട്ടാസ്യം, സിലിക്ക എന്നീ മൂലകങ്ങള്‍ രോഗ പ്രതിരോധത്തിന് ഫലപ്രദമാണ്. 13:0:45 തളിവളം 10 ലിറ്ററിന് 100 ഗ്രാം, 25 മില്ലി സിലിക്ക, 4 മില്ലി ഫില്‍വെറ്റ്/ടീപോള്‍ എന്നിവ ചേര്‍ത്ത് തളിക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കും. 
*തുടര്‍ച്ചയായി വെളളം കെട്ടിനില്‍ക്കാതെ ഇടയ്ക്കിടെ വെള്ളം വറ്റിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കും. എന്നാല്‍ അമ്ലത കൂടുതലുള്ള നിലങ്ങള്‍ അധികം ഉണങ്ങാതെ ശ്രദ്ധിക്കണം.

Leave a Reply