You are currently viewing പാലായിൽ വാഹനാപകടം: ചികിത്സയിലായിരുന്ന യുവതി മരിച്ചു; സഹോദരനും അപകടത്തിൽ മരിച്ചിരുന്നു

പാലായിൽ വാഹനാപകടം: ചികിത്സയിലായിരുന്ന യുവതി മരിച്ചു; സഹോദരനും അപകടത്തിൽ മരിച്ചിരുന്നു

പാലാ: പാലായിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മി (28) ആണ് മരിച്ചത്. ഏപ്രിൽ 2ന് വിവാഹം നിശ്ചയിച്ചിരിക്കെയാണ് ദാരുണമായ അപകടം ശ്രീലക്ഷ്മിയുടെ ജീവൻ എടുത്തത്. ഇവരുടെ സഹോദരൻ ശ്രീനാഥ് (22) അപകടം നടന്ന ദിവസം തന്നെ സംഭവ സ്ഥലത്ത് മരിച്ചിരുന്നു.

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരെയും എതിരെ വന്ന ഇന്നോവ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
എറണാകുളത്ത് ജോലി സ്ഥലത്തുനിന്ന് ബസ്സിൽ എത്തിയ സഹോദരിയെ പാലായിൽ നിന്നു കൂട്ടി ബന്ധുവീട്ടിലേക്കു ബൈക്കിൽ കൊണ്ടുപോകുന്നതിനിടെയാണ് ശ്രീനാഥിന് അപകടമുണ്ടായത്. കൊച്ചി ഇൻഫോസിറ്റിയിൽ ജോലി ചെയ്തിരുന്ന ശ്രീലക്ഷ്മി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് എത്തിയത്.

പരേതനായ ഹരിക്കുട്ടന്റെ മക്കളാണ് ശ്രീലക്ഷ്മിയും ശ്രീനാഥും. അമ്മ ശ്രീജ കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ്. രണ്ട് ദിവസങ്ങളിലായി രണ്ട് മക്കളെയും നഷ്ടമായ കുടുംബം അഗാധമായ ദുഃഖത്തിലാണ്.
അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply