You are currently viewing റോഡ് പരിപാലനത്തിലെ വീഴ്ച: മലപ്പുറത്ത് മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

റോഡ് പരിപാലനത്തിലെ വീഴ്ച: മലപ്പുറത്ത് മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മലപ്പുറം ജില്ലയിൽ റോഡ് പരിപാലനത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മൂന്നു പൊതു നിർമാണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

ഈ വർഷത്തെ പരിശോധനയിൽ, അനുവദിച്ച തുക ലഭ്യമായിട്ടും സാങ്കേതിക അനുമതി നേടി സമയബന്ധിതമായി ടെണ്ടർ പ്രക്രിയ ആരംഭിക്കാത്തത് കുറ്റകരമായ അനാസ്ഥയായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവം നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് കണ്ടെത്തിയത്.

പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെക്‌ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെ സസ്‌പെൻഡ് ചെയ്തു.

വിശദമായ അന്വേഷണത്തിനായി പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തോട് ചുമതലപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.

കേരള സർക്കാർ റോഡുകളുടെ സമയബന്ധിത പരിപാലനത്തിനായി നടപ്പിലാക്കിയതാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതി. സംസ്ഥാനത്ത് ഏകദേശം 21,000 കിലോമീറ്റർ റോഡുകൾ ഇതിലൂടെ പരിപാലിച്ചു വരുന്നു. കരാറുകാരെ നിശ്ചിത കാലയളവിൽ ചുമതലപ്പെടുത്തുകയും റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇത്.

റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന നീല ബോർഡിലെ നമ്പറിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു. നടപടിയില്ലെങ്കിൽ അത് വീണ്ടും ഉയർത്തിക്കാട്ടാനും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.



Leave a Reply