You are currently viewing ദ ഗോഡ് ഫാദർ-ലെ ടോം ഹേഗൻ ആയി ലോകശ്രദ്ധ നേടിയ റോബർട്ട് ഡുവാൽ  അന്തരിച്ചു

ദ ഗോഡ് ഫാദർ-ലെ ടോം ഹേഗൻ ആയി ലോകശ്രദ്ധ നേടിയ റോബർട്ട് ഡുവാൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: അക്കാദമി അവാർഡ് ജേതാവും ഹോളിവുഡിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട അഭിനേതാക്കളിലൊരാളുമായിരുന്ന റോബർട്ട് ഡുവാൽ 95-ാം വയസ്സിൽ അന്തരിച്ചു. 2026 ഫെബ്രുവരി 15-ന് അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ മിഡിൽബർഗിലുള്ള സ്വന്തം വസതിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണവാർത്ത സ്ഥിരീകരിച്ചത്.

ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിൽ ശക്തമായ അഭിനയവും ആഴമുള്ള കഥാപാത്രാവിഷ്കാരവും കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷക മനസുകൾ കീഴടക്കിയ താരമായിരുന്നു ഡുവാൽ. ദി ഗോഡ്ഫാദർ, അപ്പോക്കലിപ്സ് നൗ, ടെൻഡർ മെർസീസ് എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ആഗോള പ്രശംസ നേടി.
ടെൻഡർ മെർസീസ് എന്ന ചിത്രത്തിലെ മാക് സ്ലെഡ്ജ് എന്ന കൺട്രി ഗായകന്റെ വേഷത്തിനാണ് ഡുവാൽ മികച്ച നടനുള്ള അക്കാദമി അവാർഡ് സ്വന്തമാക്കിയത്.

അപ്പോക്കലിപ്സ് നൗ എന്ന ചിത്രത്തിലെ ലെഫ്റ്റനന്റ് കേണൽ ബിൽ കില്ഗോർ എന്ന കഥാപാത്രാവിഷ്കാരം സിനിമാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ദി ഗോഡ്ഫാദർ ട്രിലജിയിലെ ടോം ഹേഗൻ എന്ന കഥാപാത്രം അദ്ദേഹത്തെ ഹോളിവുഡിലെ മികച്ച അഭിനേതാക്കളുടെ നിരയിലേക്ക് ഉയർത്തി.
അഭിനയജീവിതത്തിൽ നിരവധി അക്കാദമി അവാർഡ് നാമനിർദേശങ്ങളും ഗോൾഡൻ ഗ്ലോബ് അവാർഡുകളും സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡും ഉൾപ്പെടെ അനവധി ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്.
ലോക സിനിമാരംഗത്തുനിന്നും സഹപ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സംവിധായകരും അഭിനേതാക്കളും അദ്ദേഹത്തെ അസാധാരണ പ്രതിഭയുള്ള കലാകാരനായി വിശേഷിപ്പിച്ചു.
ചലച്ചിത്ര പ്രവർത്തകയായ ലൂസിയാന പെഡ്രാസയാണ് അദ്ദേഹത്തിന്റെ ഭാര്യ. റോബർട്ട് ഡുവാൽ നിര്യാണത്തോടെ ലോക സിനിമയ്ക്ക് ഒരിക്കലും പകരം വയ്ക്കാൻ ആവാത്ത ഒരു നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply