
പാലാ :ജീവിതം നഷ്ടമായെങ്കിലും അഞ്ചു പേരുടെ ജീവിതത്തിൽ പ്രകാശം പകർന്നു കൊണ്ട് പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാൻ (66) യാത്രയായി. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന്, അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു
കഴിഞ്ഞ നവംബർ 5-നാണ് അപകടം നടന്നത്. രാത്രിയിൽ 10.30ഓടെ കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാലാ സിവിൽ സ്റ്റേഷനിന് സമീപം, ഓട്ടോ നിർത്തിയ സമയത്ത് പിന്നിൽ വന്ന കാർ ഇടിച്ചു. പാലാ ആനിത്തോട്ടം സ്വദേശിയായ ജോർജുകുട്ടിയാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിനു ശേഷം വാഹനം നിർത്താതെ പാഞ്ഞുപോയതായി പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻ പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടയിൽ നവംബർ 11-ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് ധൈര്യപൂർവ്വം സമ്മതം അറിയിച്ചു.
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.
ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും
മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും
കരൾ കാരിത്താസ് ആശുപത്രിയിലേക്കും
രണ്ട് നേത്രപടലങ്ങൾ ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നൽകിയത്.
തീവ്രദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങൾക്കു ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. “റോസമ്മയുടെ മഹത്തായ ദാനചിന്ത അനേകർക്ക് ജീവൻ പകർന്നുകൊടുക്കും; അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു,” മന്ത്രി പറഞ്ഞു.
റോസമ്മയ്ക്ക് ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം മൂന്ന് മക്കളുണ്ട് — രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബാംഗ്ലൂർ), രശ്മി ജോൺ (യുകെ).
