
ആലപ്പുഴ: ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ ഒളിപ്പിക്കാനുള്ള ശ്രമമാണ് നിലവിലെ എഫ്.ഐ.ആറും അന്വേഷണവും വഴി നടക്കുന്നതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഗവൺമെന്റിന്റെയും പാർട്ടിയുടെയും ദേവസ്വം ബോർഡിന്റെയും അറിവില്ലാതെ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്ന് വ്യക്തമാണ്. പഴയ ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തുമ്പോൾ, അതേ സ്വർണ്ണപ്പാളിയും തകിടും കൊടുത്തയച്ച ഇപ്പോഴത്തെ ബോർഡിനും ഉത്തരവാദിത്തമുണ്ട്,” വേണുഗോപാൽ പറഞ്ഞു.
ഇപ്പോഴത്തെ അന്വേഷണം കുറ്റവാളികളെ രക്ഷിക്കാനുള്ള പ്രഹസനമാണെന്നും കേരളത്തിന് പുറത്തുള്ളതോ കോടതി മോണിറ്റേർഡ് ആയതോ ആയ ഏജൻസിയിലൂടെ മാത്രമേ യഥാർത്ഥ വസ്തുതകൾ പുറത്തുവരൂവെന്നും എംപി അഭിപ്രായപ്പെട്ടു.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള അപ്രഖ്യാപിത മുന്നണി അവരുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, അയ്യപ്പന്റെ സ്വത്ത് കട്ടെടുത്തവർ ആരായാലും അവരെ ജനമധ്യത്തിൽ കൊണ്ടുവരുന്നത് വരെയുള്ള പോരാട്ടവുമായി തങ്ങൾ മുന്നോട്ട് പോകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
