
പത്തനംതിട്ട: ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ശബരിമല തീർത്ഥാടനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചു. 2026-27 മണ്ഡല–മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് ചേർന്ന ദേവസ്വം ബോർഡിന്റെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

യോഗത്തിൽ കഴിഞ്ഞ മണ്ഡല–മകരവിളക്ക് മഹോത്സവത്തിന്റെ സമഗ്ര വിലയിരുത്തലും നടന്നു. വരാനിരിക്കുന്ന മഹോത്സവത്തിനായുള്ള ഫെസ്റ്റിവൽ കൺട്രോൾ ഓഫീസ് ഏപ്രിൽ മാസത്തിൽ തന്നെ പമ്പയിൽ പ്രവർത്തനം ആരംഭിക്കുമെന്നും യോഗം തീരുമാനിച്ചു. ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തിനായി മാത്രം പ്രത്യേക ബജറ്റ് തയ്യാറാക്കും. ഫെസ്റ്റിവൽ അക്കൗണ്ടുകൾ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തിൽ തത്സമയം ഓഡിറ്റ് ചെയ്യാനും തീരുമാനമായി.
സുരക്ഷ, ശുചിത്വം, സേവനങ്ങൾ, ആകർഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷൻസും എന്നീ അഞ്ച് ശീർഷകങ്ങളിലായി വിശദമായ സമീപന രേഖ നടപ്പിലാക്കും. ഭക്തർക്കുള്ള സേവനത്തിന് പരമപ്രാധാന്യം നൽകുന്ന ഈ സമീപന രേഖയിൽ ശുചീകരണത്തിനും ശുചിത്വത്തിനും പ്രൊഫഷണൽ നിലവാരം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ ദേവസ്വം ജീവനക്കാർക്കും ആഗസ്റ്റ്–സെപ്തംബർ മാസങ്ങളിൽ പ്രത്യേക പരിശീലനം നൽകും. ക്രൗഡ് മാനേജ്മെന്റ്, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയ്ക്ക് കൂടുതൽ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കുമെന്നും അറിയിച്ചു. മണ്ഡല–മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരുമാസം മുൻപെങ്കിലും എല്ലാ മരാമത്ത് പ്രവൃത്തികളും പൂർത്തിയാക്കണമെന്ന് നിർദ്ദേശിക്കുന്നതും പുതിയ സമീപന രേഖയിൽ ഉൾപ്പെടുന്നു.
ഇതുകൂടാതെ, സന്നിധാനത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭക്തർക്ക് സൗജന്യമായി മൊബൈൽ ചാർജിംഗ് പോയിന്റുകൾ ഒരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തരുടെ സൗകര്യവും സുരക്ഷയും മുൻനിർത്തിയുള്ള ഈ മാറ്റങ്ങൾ ശബരിമല തീർത്ഥാടനം കൂടുതൽ കാര്യക്ഷമവും സൗഹൃദപരവുമാക്കുമെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു.