You are currently viewing ശബരിമല തീര്‍ഥാടനം: വരുമാനം 210 കോടി; സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ദേവസ്വം

ശബരിമല തീര്‍ഥാടനം: വരുമാനം 210 കോടി; സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ദേവസ്വം

ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ചതിന് ശേഷം ഇതുവരെ 210 കോടി രൂപയുടെ ആകെ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും, വലിയ പ്രശ്‌നങ്ങളില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടനകാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

താമസത്തിനായി മുറി ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് മുന്‍കൂര്‍ നിക്ഷേപ തുക തിരികെ ലഭിക്കാത്ത പരാതികള്‍ പരിഹരിക്കുന്നതിനായി ഇന്ന് മുതല്‍ പ്രത്യേക റീഫണ്ട് കൗണ്ടര്‍ തുറക്കും. അക്കൊമൊഡേഷന്‍ ഓഫീസിലാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. ഓണ്‍ലൈനായും ഓഫ്‌ലൈനായും മുറി ബുക്ക് ചെയ്യുമ്പോള്‍ നല്‍കുന്ന മുഴുവന്‍ അര്‍ഹതപ്പെട്ട തുകയും തിരികെ നല്‍കുന്നതിനുള്ള ക്രമീകരണവും സോഫ്റ്റ്‌വെയര്‍ മാറ്റങ്ങളും നടപ്പാക്കും. താമസത്തിനായി 500 മുറികളാണ് ഒരുക്കിയിരിക്കുന്നത്.

ഒരാള്‍ക്ക് 20 ടിന്‍ അരവണ എന്ന നിയന്ത്രണം തുടരുമെന്ന് പ്രസിഡൻറ് അറിയിച്ചു. എല്ലാവര്‍ക്കും അരവണ ലഭ്യമാക്കുന്നതിനാണ് നിയന്ത്രണം. നിലവില്‍ പത്ത് ലക്ഷത്തിലധികം അരവണ ടിന്നുകള്‍ കരുതല്‍ ശേഖരമായുണ്ട്. ദിവസേന ശരാശരി നാലര ലക്ഷം ടിന്‍ അരവണയാണ് വില്‍പ്പനയാകുന്നത്. ഉത്പാദനം പ്രതിദിനം മൂന്നു ലക്ഷം ടിന്‍ എന്ന നിലയിലാണ്.

മണ്ഡലപൂജയ്ക്ക് മുന്നോടിയായി 26ന് തങ്ക അങ്കി പുറപ്പെടും. അന്നേ ദിവസം ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളും ഭക്തരുടെ സുരക്ഷയും യോഗത്തില്‍ വിലയിരുത്തും. കാനനപാത വഴി വരുന്നവര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തുന്നതിന് പോലീസ്, വനം വകുപ്പ് എന്നിവരുമായി ധാരണയിലെത്തിയിട്ടുണ്ട്.

അന്നദാനവുമായി ബന്ധപ്പെട്ട് 21 മുതല്‍ കേരളീയ ഊണ് (പപ്പടം, പഴം, പായസം ഉള്‍പ്പെടെ) ആരംഭിക്കാന്‍ ശ്രമം നടക്കുന്നു. സ്‌പോട്ട് ബുക്കിംഗില്‍ കടുംപിടിത്തമില്ലെന്നും, നിലവിലെ 5000 എന്ന പരിധി സാഹചര്യമനുസരിച്ച് തുടരുമെന്നും പ്രസിഡന്റ് അറിയിച്ചു.

അടുത്ത വര്‍ഷത്തെ തീര്‍ഥാടനം കൂടുതല്‍ സുഗമമാക്കുന്നതിനായി സാങ്കേതികവിദ്യ ആധാരമാക്കിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. ജിപിഎസ്, നിര്‍മിത ബുദ്ധി തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ദര്‍ശന സമയക്രമം കൃത്യമായി നിര്‍ണയിക്കുന്നതടക്കമുള്ള നവീകരണങ്ങളാണ് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply