പത്തനംതിട്ടയിലെ കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മൂന്നാം ക്ലാസുകാരിയായ വിദ്യാർത്ഥിനി മരിച്ചു. മരിച്ച വിദ്യാർത്ഥിനിയെ ആദിലക്ഷ്മി (8) എന്നാണ് തിരിച്ചറിഞ്ഞത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
അപകടം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് ഉണ്ടായത്. റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ ഒരു പാമ്പിനെ കണ്ടതിനെ തുടർന്ന് ഡ്രൈവർ വെട്ടിച്ചപ്പോഴാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അമ്പത് അടിയോളം ആഴമുള്ള തോട്ടിലേക്ക് തെറിച്ചു വീണത്. അപകടസമയത്ത് റിക്ഷയിൽ ആകെ ആറ് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.
ആദിലക്ഷ്മിക്ക് പുറമെ മറ്റ് നാല് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ കോന്നി ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടങ്ങി.
അപകടത്തിനിടെ ഒരു കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
