You are currently viewing വെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം: പിതാവും മകളും മരിച്ചു

വെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം: പിതാവും മകളും മരിച്ചു

കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന്റെ മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പിതാവും മകളും ദാരുണമായി മരിച്ചു. വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സ് റോഡിലെ അതീവ അപകട സാധ്യതയുള്ള കൊടുംവളവിൽ വച്ചാണ് അപകടം ഉണ്ടായത്.

തലക്കുളത്തൂർ സ്വദേശികളായ വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനി ഫാത്തിമ നേഹ (19)യും പിതാവുമാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലുള്ള വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്ന സ്ഥലം ഏറെക്കാലമായി അപകടങ്ങൾക്ക് ഇടയാക്കുന്ന കൊടുംവളവാണെന്ന് നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് നിയന്ത്രണം വിട്ട വാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടാറുണ്ടെന്നും, അപകട സാധ്യതയുള്ള വളവിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഇവിടെ ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ വ്യക്തമാക്കി.

അപകട മേഖലയാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ റോഡരികിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഗാർഡ്‌റെയിൽ, സുരക്ഷാ വേലി എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് യാത്രക്കാർക്ക് ഗുരുതര ഭീഷണിയാകുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Leave a Reply