
ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന് പോലീസ് നിർദേശം നൽകി. തിരക്കിനിടയിൽ സ്ത്രീകളും കുട്ടികളും സുരക്ഷിതമായി പതിനെട്ടാംപടി കയറാൻ സഹായിക്കുന്നതിനായാണ് നടപടി.

പടിയുടെ വശങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ പിടിച്ചുകയറ്റാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മെഗാഫോണിലൂടെ അറിയിക്കുന്ന സംവിധാനത്തിന് പതിനെട്ടാംപടിക്ക് താഴെ സന്നിധാനം സ്പെഷ്യൽ ഓഫീസർ പി. ബാലകൃഷ്ണൻ നായർ തുടക്കം കുറിച്ചു.
പതിനെട്ടാംപടിക്ക് താഴെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) സംഘവും ഭക്തരെ മെഗാഫോണിലൂടെ തുടർച്ചയായി അറിയിപ്പുകൾ നൽകുന്നുണ്ട്. സ്ത്രീകളും കുട്ടികളും അപകടമില്ലാതെ ദർശനം പൂർത്തിയാക്കാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇടവിട്ട് അനൗൺസ്മെന്റുകൾ നടത്തുന്നതിലൂടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് നിർദേശങ്ങൾ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് ക്രമീകരണമെന്ന് പോലീസ് അറിയിച്ചു.