
ശബരിമലയിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും പൂര്‍ണമായി ഉറപ്പാക്കുന്നതിനായി എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്രാവശ്യം ശബരിമലയില്‍ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഡി.ജി.പി പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാ പ്രധാന കേന്ദ്രങ്ങളിലും ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കുള്ള പ്രത്യേക ക്രമീകരണങ്ങള്‍ സന്നിധാനത്തും പമ്പയിലും നീലിമല–അപ്പാച്ചിമേട് പാതകളിലും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ജി.പി വിശദീകരിച്ചു. തിരക്കിനെ അടിസ്ഥാനമാക്കി സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിതമായി അനുവദിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി തുടർച്ചയായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
