You are currently viewing ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രോത്സവം: ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രോത്സവം: ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

കൊല്ലം: ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 5ന് നടക്കുന്ന ഉത്സവഘോഷയാത്രയും ആറാട്ടും പരിഗണിച്ച് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉത്സവവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നിർദേശപ്രകാരം ട്രാഫിക് ക്രമീകരണം നടപ്പാക്കുന്നത്.

അന്നേദിവസം ഉച്ചയ്ക്ക് 12 മണി മുതൽ തിരുവനന്തപുരം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വലിയ ബസുകൾ, ട്രക്കുകൾ, ട്രെയിലറുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കൊട്ടിയം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടറ ഭരണിക്കാവ് – ശാസ്താംകോട്ട – ചവറ കെഎംഎംഎൽ ജംഗ്ഷൻ വഴി യാത്ര തുടരണം.

അതേസമയം, ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ ചവറ കെഎംഎംഎൽ ജംഗ്ഷനിൽ നിന്ന് ശാസ്താംകോട്ട – ഭരണിക്കാവ് – കുണ്ടറ വഴി കൊട്ടിയം ജംഗ്ഷനിലെത്തി തുടർയാത്ര നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന മറ്റ് വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുണ്ടാലുംമൂട് – തിരുമുല്ലാവാരം – മരുത്തടി – ശക്തികുളങ്ങര കുരിശ്ശടി വഴി ദേശീയ പാതയിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തുനിന്ന് ബൈപ്പാസ് വഴി ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കടവൂർ ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഹൈസ്കൂൾ ജംഗ്ഷൻ വഴി കളക്ട്രേറ്റ് ജംഗ്ഷനിലെത്തി, തുടർന്ന് മുണ്ടാലുംമൂട് – തിരുമുല്ലാവാരം – മരുത്തടി – ശക്തികുളങ്ങര കുരിശ്ശടി വഴി ദേശീയ പാതയിൽ പ്രവേശിക്കണം.

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന വോൾവോ, മൾട്ടി ആക്സിൽ ബസുകൾ കൊല്ലത്ത് നിന്ന് യാത്രക്കാരെ കയറ്റിയ ശേഷം ഹൈസ്കൂൾ ജംഗ്ഷൻ – കടവൂർ ബൈപ്പാസ് – കല്ലുംതാഴം – കുണ്ടറ – ഭരണിക്കാവ് – ശാസ്താംകോട്ട – ചവറ കെഎംഎംഎൽ ജംഗ്ഷൻ വഴി യാത്ര തുടരണം.
റാമൻകുളങ്ങര മുതൽ ശക്തികുളങ്ങര വരെയുള്ള ഭാഗത്ത് വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു. ഗതാഗത നിയന്ത്രണങ്ങളിൽ യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply