You are currently viewing സപ്ലൈക്കോയുടെ ആറ് പുതിയ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കും — മന്ത്രി ജി.ആർ. അനിൽ

സപ്ലൈക്കോയുടെ ആറ് പുതിയ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കും — മന്ത്രി ജി.ആർ. അനിൽ

സപ്ലൈക്കോയുടെ സേവനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറ് പുതിയ പെട്രോൾ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

സപ്ലൈക്കോയുടെ പതിനാലാമത് പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം കന്റോൺമെന്റ് സിവിൽ സപ്ലൈസ് കോംപ്ലക്സിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ആശ്വാസം പകരുന്ന പദ്ധതികളാണ് സപ്ലൈക്കോ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോൾ പമ്പുകൾക്ക് പുറമേ പാചകവാതകം, മരുന്നുകൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയും സപ്ലൈക്കോ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നു. നവംബർ 1 മുതൽ സ്ത്രീകൾക്ക് സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡിയേതര ഉൽപ്പന്നങ്ങൾ 10 ശതമാനം വിലക്കുറവിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം, ഓരോ കാർഡിനും പ്രതിമാസം 25 രൂപയ്ക്ക് 20 കിലോ അരി ലഭ്യമാക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഔട്ട്‌ലെറ്റുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ മാവേലി സ്റ്റോറുകളുടെ പ്രവർത്തനം വിപുലീകരിച്ച് നവംബർ 1 മുതൽ “സഞ്ചരിക്കുന്ന സൂപ്പർ സ്റ്റോറുകളായി” മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സപ്ലൈക്കോയുടെ പെട്രോൾ പമ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികളും ആലോചനയിലുണ്ട്. ഇന്ധനലഭ്യത ഉറപ്പാക്കിയും ആധുനിക സൗകര്യങ്ങൾ ഒരുക്കിയും പമ്പുകൾ പ്രവർത്തിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഉദ്ഘാടനച്ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ ഹണി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഐ.ഒ.സി.എൽ സംസ്ഥാന റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ ഗൗരവ് കുന്ദ്ര റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply