
ദിവസേന ഏകദേശം ഒരു ലക്ഷം തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷണങ്ങൾ തടയാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. തീർത്ഥാടനം ആരംഭിച്ചതിനു ശേഷം ഇതുവരെ 40 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള തർക്കങ്ങൾ എന്നിവയാണ് കൂടുതലായും രജിസ്റ്റർ ചെയ്ത കേസുകൾ.
തിരക്ക് കൂടുന്നതിനെ തുടർന്ന് പമ്പയിലും സന്നിധാനത്തുമായുള്ള ഇടങ്ങളിൽ പോക്കറ്റടി കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.മുന്നൊരുക്കമായി പ്രതികളെ വലയിലാക്കാൻ പ്രത്യേക പോലീസ് സംഘത്തെ വിവിധ പ്രധാന പോയിന്റുകളിലേക്ക് നിയോഗിച്ചു.
തീർത്ഥാടകർ പണം, മൊബൈൽ ഫോൺ, വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ അതീവ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് നീലിമല ഭാഗത്ത് പോക്കറ്റടി, മോഷണം എന്നീ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
അപ്പാച്ചിമേട് ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ പരിശോധനയും നിരീക്ഷണവും നടത്തുമെന്ന് പമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ് വ്യക്തമാക്കി.
