പമ്പ: ശബരി റെയിൽ പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യത്യസ്ത വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
പൂർണ ചെലവ് വഹിക്കേണ്ടത് കേന്ദ്ര സർക്കാരാണെങ്കിലും, ശബരി റെയിൽപാത ഒരു പ്രധാന പദ്ധതിയായതിനാൽ സംസ്ഥാന സർക്കാർ 50 ശതമാനം ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. പമ്പ മണപ്പുറത്ത് നടന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
റെയിൽവേ മന്ത്രാലയവുമായി നടന്ന ഏറ്റവും ഒടുവിലത്തെ ചർച്ചയിലും സംസ്ഥാനത്തിന്റെ പങ്ക് വ്യക്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത്തരത്തിലുള്ള വസ്തുതകൾ അവഗണിച്ച് പൂർണമായും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ,” മുഖ്യമന്ത്രി വിമർശിച്ചു.
അതേസമയം, ശബരിമല വിമാനത്താവളത്തിന് വേണ്ട അനുമതികൾ ഡിസംബറോടെ ലഭ്യമാകും എന്നും, അടുത്ത വർഷത്തോടെ ഭൂമി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമല റോപ്പ് വേ പദ്ധതിയിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
