You are currently viewing പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -മന്ത്രി എം ബി രാജേഷ്

പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -മന്ത്രി എം ബി രാജേഷ്

മാലിന്യക്കൊട്ടകള്‍ സ്ഥാപിച്ചിട്ടും പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഞെളിയന്‍പറമ്പില്‍ ആരംഭിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യത്തില്‍നിന്ന് ഒരു വ്യാവസായിക ഉല്‍പന്നം ഉണ്ടാക്കുകവഴി നഗരം വൃത്തിയാവുന്നുവെന്ന് മാത്രമല്ല, അദ്ഭുതകരമായ മാറ്റം കൂടിയാണ് ഉണ്ടാവുക. 150 ടണ്‍ ജൈവമാലിന്യം സംസ്‌കരിച്ച് കമ്പ്രസ്ഡ് ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചി ബ്രഹ്‌മപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു. ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ എതിര്‍ക്കുകയെന്ന പൊതുവായ മനോഭാവത്തില്‍ മാറ്റമുണ്ടാവണം. ശുചിത്വത്തിന്റെ കാര്യത്തില്‍ കോഴിക്കോട് കൈവരിച്ച നേട്ടങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കാന്‍ കോര്‍പ്പറേഷന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി നാടിന്റെ ആവശ്യമാണെന്നുകണ്ട് എല്ലാവിധ സഹകരണവും നല്‍കിയ പ്രദേശത്തെ ജനങ്ങളുടെ ഇടപെടല്‍ മാതൃകാപരമാണെന്നും കോര്‍പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് നിവാസികളുടെ ഏറെക്കാലത്തെ പ്രശ്‌നത്തിനാണ് പദ്ധതിയിലൂടെ പരിഹാരമാകുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പദ്ധതികള്‍ കേരളത്തെ ശുദ്ധവും മാലിന്യമുക്തവുമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഡോ. ജയശ്രീ, പി ദിവാകരന്‍, പി കെ നാസര്‍, പി സി രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി അനില്‍ കുമാര്‍, സ്റ്റേറ്റ് ഹെഡ് വി ആര്‍ ഹരികൃഷ്ണന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ടി യു ബിനി, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോര്‍പ്പറേഷന്റെ മാലിന്യസംസ്‌കരണത്തിന് ഇനി പുതിയ മുഖം

ഞെളിയന്‍പറമ്പില്‍ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് യഥാര്‍ഥ്യമാവുന്നു

മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് കോഴിക്കോട് കോര്‍പറേഷന്റെ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് യഥാര്‍ഥ്യമാകുന്നു. ഞെളിയന്‍പറമ്പിലെ എട്ടേക്കറോളം സ്ഥലത്താണ് ജൈവ മാലിന്യം സംസ്‌കരിച്ച് പാചകവാതകമാക്കി മാറ്റുന്നതിനുള്ള പ്ലാന്റ് ഉയരുക. നഗരം നേരിടുന്ന വലിയ മാലിന്യ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാവുക. 99 കോടി രൂപ ചെലവിലുള്ള പദ്ധതിയുടെ നിര്‍മാണ ചുമതല ഭാരത് പെട്രോളിയം കോര്‍പറേഷനാണ്. ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.

പ്ലാന്റ് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം കോര്‍പറേഷന്‍ 25 വര്‍ഷത്തേക്കാണ് ബിപിസിഎല്ലിന് അനുവദിച്ചത്. 24 മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ച് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കാനാണ് ധാരണ. ദിവസേന 150 മുതല്‍ 180 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുണ്ടാവുക. ഇവിടെനിന്ന് 56 ടണ്‍ ബയോഗ്യാസും 20 മുതല്‍ 25 ടണ്‍വരെ ജൈവവളവും ഉല്‍പ്പാദിപ്പിക്കാം. ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസ് ഗെയിലിന് വില്‍ക്കും. പദ്ധതി പ്രദേശത്ത് ഫ്യുവല്‍ സ്റ്റേഷനും സജ്ജീകരിക്കും. പുതിയ ഊര്‍ജസ്രോതസ്സുകളിലേക്കും ജൈവകൃഷിയിലേക്കും ആളുകളെ ആകര്‍ഷിക്കും വിധമാണ് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുക.

Leave a Reply