
കോഴിക്കോട്: തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയിൽ മല്ലിക (50)യുടെ മൃതദേഹമാണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്.

വർഷങ്ങൾ മുമ്പ് തമിഴ്നാട്ടിൽ നിന്നാണ് മല്ലിക കോഴിക്കോട് എത്തിയത്. വീട്ടിനുള്ളിലെ കസേരയിൽ ഇരുന്ന് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയിൽ ടിവിയുടെ റിമോട്ട് കണ്ട്രോൾ ഉണ്ടായിരുന്നതായും ടിവി ഓൺ ചെയ്ത നിലയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
വീട്ടിനുള്ളിൽ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിരീക്ഷണം.
മല്ലികയുടെ ഭർത്താവ് കൃഷ്ണനും അമ്മയും നേരത്തെ മരണപ്പെട്ടിരുന്നു. ഇവർക്ക് ഒരു മകനുണ്ട്. നരിക്കുനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം തുടരുന്നു.