
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. വെഞ്ഞാറമൂട് ആലന്തറ ഗവ. യു.പി സ്കൂളിലെ അധ്യാപികയും പാങ്ങോട് മതിര തെങ്ങുവിള വീട്ടിൽ പി.എൻ. രാജേഷ് കുമാറിന്റെ ഭാര്യയുമായ മിനി (സൂര്യകല)യാണ് അന്തരിച്ചത്.

പൊങ്കാലയ്ക്കായി വീടിന് സമീപം ചൂള ഒരുക്കുന്നതിനിടെയാണ് മിനിക്ക് ഗുരുതരമായി പൊള്ളലേറ്റത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
പാങ്ങോട് മതിര സ്വദേശിനിയായ മിനി ദീർഘകാലമായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അവരുടെ അപ്രതീക്ഷിത വിയോഗം നാടിനും സഹപ്രവർത്തകർക്കും വലിയ ദുഃഖമായി.