
മലപ്പുറം | മലപ്പുറം ജില്ലയിലെ കരുവാക്കുണ്ടിൽ നിന്ന് കാണാതായ 15 വയസ്സുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ 18 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വാണിയമ്പലത്തിനും തൊടിയാപുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിനരികിലെ കാട് പിടിച്ച പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായതോടെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന 18 വയസ്സുകാരനെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായും, മൃതദേഹം കിടന്ന സ്ഥലം പോലീസിനെ കാണിച്ചുകൊടുത്തതായും റിപ്പോർട്ടുകളുണ്ട്
പ്രാഥമിക അന്വേഷണത്തിൽ, പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പെൺകുട്ടിയുടെ ബാഗിൽ ഉണ്ടായിരുന്ന വസ്ത്രം ഉപയോഗിച്ച് കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ മരണകാരണം വ്യക്തമായി സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു.