
കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ദീർഘകാല സ്വപ്നമായ ആധുനിക ബോട്ട് നിർമാണ സൗകര്യം യാഥാർഥ്യത്തിലേക്ക് കടക്കുകയാണ്. ശക്തികുളങ്ങര കല്ലുംപുറത്ത് നിർമ്മിച്ച ആധുനിക ബോട്ട് നിർമാണശാലയുടെ ഉദ്ഘാടനം ഇന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

നിലവിൽ ബോട്ട് നിർമ്മാണത്തിനായി തമിഴ്നാട്ടിനെ ആശ്രയിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുന്നതാണ് പുതിയ സംരംഭമെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതോടൊപ്പം 52 കോടി രൂപ ചെലവിൽ നിർമ്മിച്ച വല നിർമാണശാലയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
ബോട്ടിന്റെയും വലയുടെ നിർമ്മാണത്തിനുമായി തമിഴ്നാടിനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഇതോടെ മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി ഫൈബർ ബോട്ടുകളാണ് നിർമ്മിക്കുക, രണ്ടാംഘട്ടത്തിൽ ട്രോളിംഗ് ബോട്ടുകൾ നിർമ്മിക്കും. ഈ സംരംഭം വഴി ഏകദേശം 150ഓളം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് സുജിത്ത് വിജയൻ പിള്ള അറിയിച്ചു.
മത്സ്യബന്ധന മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വലിയ സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.