You are currently viewing ബൾബസ് ബോയിലെ പാട് തെളിവായി; മീൻപിടിത്ത ബോട്ടിൽ ഇടിച്ചുകയറിയെന്ന് സ്ഥിരീകരണം, എണ്ണക്കപ്പലിനെ വിടില്ല

ബൾബസ് ബോയിലെ പാട് തെളിവായി; മീൻപിടിത്ത ബോട്ടിൽ ഇടിച്ചുകയറിയെന്ന് സ്ഥിരീകരണം, എണ്ണക്കപ്പലിനെ വിടില്ല

വിഴിഞ്ഞം: കൊല്ലം നീണ്ടകര സ്വദേശിയുടെ മീൻപിടിത്ത ബോട്ടിൽ ഇടിച്ചുകയറിയ വിദേശ എണ്ണക്കപ്പൽ ഇന്ത്യ വിടാൻ വൈകും. പനാമ രജിസ്‌ട്രേഷനിലുള്ള എം.വി. സോളീസ് എന്ന കപ്പലാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ ഇടിച്ചതെന്ന് മർക്കൈന്റൽ മറൈൻ ഡിപ്പാർട്ട്മെന്റ് (എം.എം.ഡി.) നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ കപ്പൽ തീരം വിടരുതെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ക്യാപ്റ്റന് കർശന നിർദേശം നൽകിയിട്ടുണ്ട്.

ഇപ്പോൾ കപ്പൽ വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ടിരിക്കുകയാണ്. മാർച്ച് 10-നാണ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കപ്പൽ വിഴിഞ്ഞം തീരത്തേക്ക് കൊണ്ടുവന്നത്.

മാർച്ച് 7-ന് ഉച്ചയ്ക്ക് 1.45ഓടെ കന്യാകുമാരി മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം നടന്നത്. ഒമാനിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് പോകുകയായിരുന്ന കപ്പൽ, നങ്കൂരമിട്ടിരുന്ന ‘സെയ്ന്റ് ജോസഫ്’ ട്രോളർ ബോട്ടിൽ ഇടിച്ചുകയറുകയായിരുന്നു.

അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. ഇവരിൽ ഒൻപത് പേരെ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തിയെങ്കിലും, കൊൽക്കത്ത സ്വദേശികളായ ലേഖാനും മകൻ ബാവലിനെയും ഇതുവരെ കണ്ടെത്തിയിട്ടില്ല

കപ്പലിന്റെ മുൻഭാഗത്തിന് താഴെയുള്ള ‘ബൾബസ് ബോ’ ഭാഗമാണ് ബോട്ടിൽ ഇടിച്ചുകയറിയതെന്ന് എം.എം.ഡി. ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ ഭാഗത്ത് പെയിന്റ് ഇളകിയ നിലയും ചതഞ്ഞ പാടുകളും കണ്ടെത്തിയിട്ടുണ്ട്. കപ്പലിലെ ഡാറ്റ റെക്കോർഡർ പരിശോധിച്ചും ഈ കണ്ടെത്തൽ സ്ഥിരീകരിച്ചു.

കേരള മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലാണ് കപ്പൽ ഇപ്പോൾ. വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ ക്യാപ്റ്റൻ അടക്കം 24 ജീവനക്കാരുണ്ട്. പുറംകടലിൽ കപ്പൽ നിർത്തുന്നതിനുള്ള ആങ്കറേജ് ഫീസായി ഏകദേശം 20 ലക്ഷം രൂപ ഇതുവരെ കപ്പൽ ഏജൻറുമാർ മാരിടൈം ബോർഡിന് അടച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്

Leave a Reply