
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ പിൻചക്രം ഊരി തെറിച്ചുമെങ്കിലും ആളപായം ഒന്നുമുണ്ടായില്ല. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തിന് സമീപം ആനച്ചാൽ എന്ന സ്ഥലത്തുവെച്ചാണ് സംഭവം ഉണ്ടായത്.

ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. യാത്രക്കിടയിൽ വാഹനത്തിന്റെ പിൻഭാഗത്തെ ടയറുകളിൽ ഒന്ന് പൂർണ്ണമായും ഊരിത്തെറിക്കുകയായിരുന്നു. വേഗത്തിൽ സഞ്ചരിച്ചിരുന്ന വാഹനമായിരുന്നെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ മന്ത്രിക്കോ മറ്റ് യാത്രക്കാർക്കോ പരിക്കുകളൊന്നും സംഭവിച്ചില്ല.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. മനഃപൂർവം ചെയ്തതാകാമോ എന്ന സംശയവും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവച്ചു. ഇതിനെ തുടർന്ന് മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്നതടക്കം മറ്റ് സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
അപകടത്തെ തുടർന്ന് ഔദ്യോഗിക വാഹനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായതിനാൽ, അതുവഴി എത്തിയ ഡി.കെ. മുരളി എംഎൽഎയുടെ കാറിലാണ് മന്ത്രി പിന്നീട് യാത്ര തുടർന്നത്.