You are currently viewing ഖരമാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ആദ്യ കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനം തുടങ്ങി

ഖരമാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ആദ്യ കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനം തുടങ്ങി

ബ്രഹ്മപുരം: സംസ്ഥാനത്തിന്റെ മാലിന്യസംസ്‌കരണ മേഖലയിലെ നിർണായകമായ മുന്നേറ്റമായി ബ്രഹ്മപുരത്ത് സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ഖരമാലിന്യ കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് യുടെ സഹകരണത്തോടെയാണ് ഈ നൂതന പദ്ധതി യാഥാർത്ഥ്യമായത്.

പ്രതിദിനം 150 ടൺ വേർതിരിച്ച ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റിലൂടെ ദിവസേന 5.6 ടൺ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസും 25 ടൺ ജൈവവളവും ഉത്പാദിപ്പിക്കാൻ സാധിക്കും. ഏകദേശം 80 കോടിയിലധികം രൂപ ചിലവഴിച്ചാണ് കൊച്ചിയിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ബ്രഹ്മപുരത്തിലെ ഈ വിജയകരമായ മാതൃക പിന്തുടർന്ന് കോഴിക്കോട്, കൊല്ലം നഗരങ്ങളിലുമെല്ലാം സമാനമായ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ബിപിസിഎല്ലുമായി കരാറിൽ ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ പിപിപി മാതൃകയിലും ചങ്ങനാശ്ശേരിയിൽ കേരള ഖരമാലിന്യ പദ്ധതിയുടെ ഭാഗമായും സമാന പ്ലാന്റുകൾ നടപ്പിലാക്കി വരികയാണ്.

അജൈവ മാലിന്യ സംസ്കരണത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച സംസ്ഥാനത്തിന്, ജൈവമാലിന്യങ്ങളെ ഊർജ്ജമായി മാറ്റുന്ന ഈ പദ്ധതി മാലിന്യസംസ്‌കരണ രംഗത്ത് പുതിയൊരു നാഴികക്കല്ലായി മാറുമെന്ന് സർക്കാർ വിലയിരുത്തുന്നു. നഗരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ രൂപപ്പെടുന്നത് തടയുന്നതിനും, പരിസ്ഥിതി സൗഹൃദമായ ഊർജ്ജോത്പാദനത്തിന് വഴിയൊരുക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply