You are currently viewing കാനന പാതയിലൂടെ സന്നിധാനത്തേക്ക്; ദിവസേന ആയിരങ്ങൾ ശബരിമലയിലെത്തുന്നു

കാനന പാതയിലൂടെ സന്നിധാനത്തേക്ക്; ദിവസേന ആയിരങ്ങൾ ശബരിമലയിലെത്തുന്നു

പത്തനംതിട്ട: ശബരിമലയിലെ  പരമ്പരാഗത കാനന പാതയിലൂടെ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പദർശനത്തിനായി സന്നിധാനത്തെത്തുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ സമൃദ്ധമായ പ്രകൃതി ദൃശ്യം ആസ്വദിച്ചാണ് തീർത്ഥാടനം മുന്നോട്ടുപോകുന്നതെന്ന് തീർത്ഥാടകർ പറയുന്നു.

വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നാണ് കാൽനടയാത്ര ആരംഭിക്കുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങൾ നിറഞ്ഞ 13 കിലോമീറ്റർ ദൂരമുള്ള പാത താണ്ടി സന്നിധാനത്തെത്താൻ പലർക്കും അഞ്ചോ അതിലധികമോ മണിക്കൂർ വേണ്ടിവരും. ഉപ്പുപാറ, പുല്ലുമേട് എന്നിവയിലൂടെ കടന്നുപോകുന്ന ഈ കാടുവഴി പ്രകൃതിയുടെ വന്യതയെ മുഴുവൻ ആസ്വദിക്കാനാകുന്നതിനാൽ യാത്രയിൽ മടുപ്പൊന്നും തോന്നാറില്ലെന്ന് പതിവായി ഇതുവഴി എത്തുന്ന ഭക്തർ പറയുന്നു.

ഭക്തരുടെ സുരക്ഷക്കായി വനം വകുപ്പ്, പോലിസ്, എൻ.ഡി.ആർ.എഫ് എന്നിവ സംയുക്തമായി വ്യാപകമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴുമണിയോടെ വനപാലകർ പാത മുഴുവൻ സഞ്ചരിച്ച് വന്യമൃഗ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഭക്തരെ പ്രവേശിപ്പിക്കൂ. പാതയിൽ വൈദ്യുതി വിളക്കുകളും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സത്രത്തിൽ നിന്ന് ഓരോ സംഘത്തിനും ആളുകളുടെ എണ്ണം രേഖപ്പെടുത്തിയ ടോക്കൺ നൽകിയാണ് കടത്തിവിടുന്നത്. പാണ്ടിത്താവളത്തിലെ അവസാന ചെക്ക്പോസ്റ്റിൽ എത്തുന്നതുവരെ, ഓരോ ചെക്ക്പോസ്റ്റും ഈ ടോക്കൺ പരിശോധിച്ച് സംഘം സുരക്ഷിതമായി കടന്നുപോയെന്ന് ഉറപ്പാക്കും. ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമാണ് സത്രത്തിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശനം. അവസാന സംഘവും കടന്നുപോയ ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും പാത സഞ്ചരിച്ചു എല്ലാവരും സുരക്ഷിതരാണെന്ന് പരിശോധിക്കും. സന്നിധാനത്തുനിന്ന് സത്രം ഭാഗത്തേക്ക് രാവിലെ 11 വരെ തിരിച്ചു പോകാനും അനുവാദമുണ്ട്.
യാത്രക്കിടെ ആരെങ്കിലും അസ്വാസ്ഥ്യം അനുഭവിക്കുകയാണെങ്കിൽ എൻ.ഡി.ആർ.എഫ് സംഘം ഉടൻ എത്തി രക്ഷാപ്രവർത്തനവും ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഉപ്പുപാറയിൽ ആംബുലൻസുള്‍പ്പെടെയുള്ള മെഡിക്കൽ സൗകര്യങ്ങളും സജ്ജമാണ്.
ശിഷിരകാല തീർത്ഥാടന സീസണിൽ കൂടുതൽ ഭക്തരാണ് ഈ കാനനപാത തിരഞ്ഞെടുക്കുന്നത്. പ്രകൃതിസൗന്ദര്യവും ആത്മീയതയും ചേർന്ന ഈ യാത്ര ഭക്തർക്ക് അപൂർവ്വ അനുഭവമാകുന്നു.

Leave a Reply