കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സ്കൂൾ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരി ദാരുണാന്ത്യം കണ്ടു. മല്ലപ്പള്ളി സ്വദേശിനി കീത്ത് തോമസ് (3) ആണു മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു.
മല്ലപ്പള്ളി മാത്യു (68), ശോശാമ്മ മാത്യു (58), മെറിൻ , ടിനു , ടിയാൻ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. ടിനു മെറിൻ ദമ്പതികളുടെ മകനാണ് മരിച്ച കീത്ത്.
അപകടം ഇന്ന് വൈകുന്നേരം കുറ്റിക്കൽ സ്കൂളിനോട് ചേർന്നാണ് നടന്നത്. പാമ്പാടി ഭാഗത്തുനിന്ന് മല്ലപ്പള്ളിയിലേക്ക് പോയ നെക്സോൺ കാറാണ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നതോടെ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കീത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് പാമ്പാടി-മല്ലപ്പള്ളി റോഡിൽ ഗതാഗത തടസവും ഉണ്ടായി.