
തൃശ്ശൂർ: തൃശ്ശൂർ ബസ് സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബസ് ടെർമിനലിന്റെയും അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. ഇതിനൊപ്പം വിനോദസഞ്ചാര ലക്ഷ്യത്തോടെ അനുവദിച്ച പുതിയ ഡബിൾ ഡക്കർ ബസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങും നടക്കും.

ബസ് ടെർമിനൽ നിർമ്മാണത്തിനായി തൃശ്ശൂർ എം.എൽ.എ. ഈ ബാലചന്ദ്രന്റെ മണ്ഡല വികസന ഫണ്ടിൽ നിന്ന് 7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.50 കോടി രൂപ ചെലവഴിച്ച് അഡ്മിനിസ്ട്രേഷൻ ബ്ലോക്കും നിർമ്മിക്കും. ബസ് സ്റ്റേഷന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്.
2026 മാർച്ച് 6 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ പി ഗണേഷ് കുമാർ ബസ് ടെർമിനൽ നിർമ്മാണോദ്ഘാടനം നിർവഹിക്കും. അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ & ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. പുതിയ ഡബിൾ ഡക്കർ ബസിന്റെ ഫ്ളാഗ് ഓഫ് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ .ബിന്ദു നിർവഹിക്കും.
ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നത് തൃശ്ശൂർ എം.എൽ.എ. പി. ബാലചന്ദ്രനാണ്. തൃശ്ശൂർ നഗരം കേന്ദ്രീകരിച്ചും പൂത്തൂർ സുവോളജിക്കൽ പാർക്ക് കേന്ദ്രീകരിച്ചും വിനോദയാത്രകൾക്കായി തൃശ്ശൂർ യൂണിറ്റിന് അനുവദിച്ചിരിക്കുന്ന ഡബിൾ ഡക്കർ ബസാണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്.