
ആലപ്പുഴ ∙ അരൂർ–തുറവൂർ ദേശീയപാതയിലെ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനിടെ ഗർഡർ തകർന്നു വീണ് ഒരാൾ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് (44) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം നടന്നത്. അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ മേഖലയായ ചന്തിരൂരിലാണ് സംഭവം.
മുട്ട കയറ്റിക്കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഏകദേശം 80 ടൺ ഭാരമുള്ള കോൺക്രീറ്റ് ഗർഡർ വീണത്.
ഗർഡർ സ്ഥാപിക്കാൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്ക് തെന്നിമാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽ വാൻ പൂർണ്ണമായും തകർന്നതിനെ തുടർന്ന് രാജേഷിന്റെ മൃതദേഹം പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് മണിക്കൂറുകളെടുത്തു.
അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.
