
മുട്ടം ∙ തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിലെ മുട്ടം ശങ്കരപ്പിള്ളി ഭാഗത്ത് കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് മാസം പ്രായമുള്ള പെൺകുഞ്ഞും മുത്തശ്ശിയും മരിച്ചു. കനത്ത മഴയ്ക്കിടെ വൈകിട്ട് നാലേമുക്കാൽ മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയും വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ ഷാമോന്റെ മാതാവ് ആമിന (60), മകൾ മിഷ മറിയം (4 മാസം) എന്നിവരാണ് മരിച്ചത്. ഇരുവരെയും ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷാമോൻ തന്നെയാണ് കാർ ഓടിച്ചിരുന്നത്. ഭാര്യയും മറ്റൊരു മകളും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർക്കും പരിക്കുകളുണ്ട്. നിയന്ത്രണം വിട്ട കാർ ആദ്യം റോഡരികിലെ മരത്തിൽ ഇടിച്ച് ശേഷം മലങ്കര ജലാശയത്തിനായി എടുത്ത സ്ഥലത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
മൂലമറ്റം ഭാഗത്ത് നിന്ന് തൊടുപുഴ വെങ്ങല്ലൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
