
അബുദാബി: അടുത്തിടെ ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരെ യു.എ.ഇ പ്രസിഡണ്ട് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൗത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി ആരോഗ്യനില ചോദിച്ചറിഞ്ഞു.

സന്ദർശനത്തിനിടെ രാജ്യത്തെ ജനങ്ങളെയും യു.എ.ഇയിൽ താമസിക്കുന്നവരെയും അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡണ്ട് രാജ്യം സുരക്ഷിതവും ശക്തവും ആണെന്ന് വ്യക്തമാക്കി.
“യു.എ.ഇയിൽ താമസിക്കുന്ന എല്ലാവരും ഞങ്ങളുടെ സംരക്ഷണത്തിലാണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. യു.എ.ഇ സുരക്ഷിതവും ശക്തവുമാണ്,” അദ്ദേഹം പറഞ്ഞു.
നിലവിലെ സംഘർഷ സാഹചര്യത്തിൽ ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.
“യു.എ.ഇ മനോഹരവും മറ്റുള്ളവർക്ക് മാതൃകയുമായ രാജ്യമാണ്. എന്നാൽ അതേ സമയം ഇത് ശക്തവും ഐക്യവുമുള്ള രാജ്യമാണ്. അതിനെ പരീക്ഷിക്കരുത്. നമ്മുടെ മാതൃഭൂമിയോടും ഇവിടെ ജീവിക്കുന്നവരോടും ഉള്ള കടമകൾ ഞങ്ങൾ നിറവേറ്റും,” അദ്ദേഹം വ്യക്തമാക്കി.
“ഇവിടെ താമസിക്കുന്നവർ നമ്മുടെ രണ്ടാം കുടുംബമാണ്. എല്ലാവർക്കും ഞാൻ ഉറപ്പുനൽകുന്നു—ഈ വെല്ലുവിളികൾക്കുശേഷം യു.എ.ഇ കൂടുതൽ ശക്തമായി ഉയർന്നുവരും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞത്: “യു.എ.ഇ മറ്റുള്ളവർക്ക് മാതൃകയായ രാജ്യമാണെങ്കിലും, അതിന്റെ തൊലി കട്ടിയുള്ളതും അതിന്റെ രുചി കൈപ്പേറിയതും ആണ്,” എന്നായിരുന്നു.
സമീപകാലത്ത് നടന്ന ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കടുപ്പമായിരിക്കുകയാണ്. യു.എ.ഇയുടെ സുരക്ഷയും അവിടെ താമസിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.