You are currently viewing വർക്കലക്കടുത്ത്  വന്ദേ ഭാരത് എക്സ്പ്രസ് റെയിൽവേ ട്രാക്കിൽ കുടുങ്ങിക്കിടന്ന ഓട്ടോറിക്ഷയിൽ ഇടിച്ചുനിർത്തി

വർക്കലക്കടുത്ത് വന്ദേ ഭാരത് എക്സ്പ്രസ് റെയിൽവേ ട്രാക്കിൽ കുടുങ്ങിക്കിടന്ന ഓട്ടോറിക്ഷയിൽ ഇടിച്ചുനിർത്തി

വർക്കല:വർക്കലക്കടുത്ത് അകത്ത്മുറി റെയിൽവേ സ്റ്റേഷനുസമീപം വന്ദേ ഭാരത് എക്സ്പ്രസ് റെയിൽവേ ട്രാക്കിൽ കുടുങ്ങിക്കിടന്ന ഓട്ടോറിക്ഷയിൽ ഇടിച്ചുനിർത്തി. ലോക്കോ പൈലറ്റ് അടിയന്തരമായി ബ്രേക്ക് പ്രയോഗിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വർക്കല–കടക്കാവൂർ സെക്ഷനിലെ അകത്ത്മുറി ഭാഗത്താണ് സംഭവം ഉണ്ടായത്.

പ്ലാറ്റ്ഫോമിലൂടെ ഓട്ടോറിക്ഷ ഓടിച്ചെത്തിയ ഡ്രൈവർ ട്രാക്കിലേക്ക് വാഹനം കയറ്റുന്നതിനിടെയാണ് ട്രെയിൻ എത്തിയത്. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമൊന്നും സംഭവിച്ചില്ല. അതേസമയം, സമയോചിതമായി ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്താൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു.

സംഭവത്തെ തുടർന്ന് റെയിൽവേ ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു. വന്ദേ ഭാരത് എക്സ്പ്രസ് ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് സർവീസ് തുടർന്നത്. നിശ്ചിത സമയം രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ രാത്രി 11.50ഓടെയാണ് എത്തിയത്.

ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി അധികൃതർ വിലയിരുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply