
കൊല്ലം പരവൂരിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരണപ്പെട്ടു. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് റെജി (43) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പരവൂർ-പാരിപ്പള്ളി റോഡിലെ ബ്ലോക്ക് മരം ജംക്ഷനിൽ ഇന്ന് അപകടം സംഭവിച്ചത്. ചിഞ്ചുവും ഭർത്താവും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ചിറക്കര റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. ഈ സമയം അമിതവേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ചിഞ്ചു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ നിയന്ത്രണം വിട്ട കാർ മറ്റൊരു സ്കൂട്ടറിലും ഇടിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.