You are currently viewing വേണുവിന്‍റെ മരണം ദുഃഖകരം; വിശദമായ അന്വേഷണം വേണം: സുജിത്ത് വിജയൻ പിള്ള

വേണുവിന്‍റെ മരണം ദുഃഖകരം; വിശദമായ അന്വേഷണം വേണം: സുജിത്ത് വിജയൻ പിള്ള

കൊല്ലം: ആട്ടോറിക്ഷാ തൊഴിലാളിയായ വേണുവിന്‍റെ മരണം അപ്രതീക്ഷിതവും ദുഃഖകരവുമാണെന്ന് ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള പ്രതികരിച്ചു. 48 വയസ്സ് മാത്രമുണ്ടായ വേണുവിന്‍റെ അകാലനിര്യാണം കുടുംബത്തെ നിരാശ്രയരാക്കുന്നതായും അദ്ദേഹം പറഞ്ഞു.

5 ദിവസം മുന്‍പ് ഹൃദയാഘാതലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വേണു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് വേണു ആശുപത്രിയിൽ നിന്നു തന്നെ അയച്ച ആഡിയോ സന്ദേശത്തിൽ ആരോപിച്ചിരുന്നു.

സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് തന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും, ആരോഗ്യവകുപ്പ് മന്ത്രിയെയും, മെഡിക്കൽ കോളേജ് സൂപ്രണ്ടിനെയും, പി.ആർ.ഒമാരെയും ബന്ധപ്പെട്ടു നടപടിയെടുത്തതായി സുജിത്ത് വിജയൻ പിള്ള വ്യക്തമാക്കി.

മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതികരണപ്രകാരം, രോഗിക്ക് 2021-ൽ പക്ഷാഘാതം ഉണ്ടായിരുന്നതായും, ആഞ്ജിയോഗ്രാം ചെയ്യുന്നതിനുള്ള ആരോഗ്യസ്ഥിതി അനുയോജ്യമല്ലാത്തതിനാൽ ആ ചികിത്സയ്ക്ക് നീങ്ങാനായില്ലെന്നും, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ തുടരുന്നതിനിടെയാണെന്ന് അപ്രതീക്ഷിതമായി മരണം സംഭവിച്ചതെന്നും അറിയിച്ചു.

വേണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അടിയന്തിരവും വിശദവുമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും, ആരോഗ്യവകുപ്പ് മന്ത്രിയെയും, ഡി.ജി.പിയെയും സമീപിച്ചതായി സുജിത്ത് വിജയൻ പിള്ള പറഞ്ഞു. വേണുവിന്‍റെ ശബ്ദസന്ദേശം അന്വേഷണ ഉദ്യോഗസ്ഥർ അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും, കേരളത്തിന്റെ പ്രശംസിക്കപ്പെടുന്ന ആരോഗ്യരംഗം ശ്രദ്ധക്കുറവിന്റെ പേരിൽ ഒരുജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വേണുവിന്‍റെ കുടുംബാംഗങ്ങളുടെ അതീവ ദുഃഖത്തിൽ താനും പങ്കുചേരുന്നതായും സുജിത്ത് വിജയൻ പിള്ള അറിയിച്ചു.

Leave a Reply