You are currently viewing തിരഞ്ഞെടുപ്പിൽ ഹരിത ചട്ടലംഘനം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കും

തിരഞ്ഞെടുപ്പിൽ ഹരിത ചട്ടലംഘനം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കും

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കണമെന്നും, നിരോധിതമായ ഡിസ്പോസബിള്‍ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടം നേടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടുക്കി ജില്ലയിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും തദ്ദേശ സ്ഥാപന സ്ക്വാഡുകളും പരിശോധനകൾ ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിയമലംഘകർക്ക് കർശന നടപടി സ്വീകരിക്കും. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9446700800 എന്ന വാട്‌സാപ്പ് നമ്പറിൽ പൊതുജനങ്ങൾ വിവരം നൽകാം.

ഹരിത തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ

പ്രചാരണത്തിനായി PVC ഫ്ലക്സ്, പ്ലാസ്റ്റിക് ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ എന്നിവയ്ക്കു പകരം പേപ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകൃത കോട്ടൺ, പുനഃചംക്രമണം സാധ്യമായ പോളിഎത്തിലീൻ എന്നിവ ഉപയോഗിക്കണം.
ഉപയോഗിക്കുന്ന പോളിഎത്തിലീൻ ഷീറ്റുകളിൽ PCB അംഗീകൃത QR കോഡ്, PVC-ഫ്രീ റിസൈക്ലബിൾ ലോഗോ, പ്രിന്ററുടെ വിവരങ്ങൾ എന്നിവ നിർബന്ധമായും ഉൾക്കൊള്ളണം.

പാർട്ടി ഓഫീസുകളുടെ അലങ്കാരത്തിനും പൊതുസമ്മേളനങ്ങൾ, കൺവെൻഷനുകൾ, റാലികൾ എന്നിവയ്ക്കും പ്രകൃതി സൗഹൃദ തോരണങ്ങൾ, അലങ്കാര സാമഗ്രികൾ, കൊടികൾ എന്നിവ ഉപയോഗിക്കണം.
പൊതുയോഗങ്ങൾ, പരിശീലനങ്ങൾ, പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാൻ സ്റ്റീൽ/സെറാമിക് പാത്രങ്ങൾ അല്ലെങ്കിൽ വാഴയില പോലുള്ള പ്രകൃതിദത്ത പാത്രങ്ങൾ മാത്രം ഉപയോഗിക്കണം. പ്ലാസ്റ്റിക് കുപ്പികൾ, തെർമോകോൾ/പേപ്പർ/പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയ നിരോധിത ഡിസ്പോസബിളുകൾ കർശനമായി ഒഴിവാക്കണം.
തെരഞ്ഞെടുപ്പ് സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിൽ ഡീലർമാരും അച്ചടിക്കുന്നതിൽ പ്രിന്റർമാരും നിർദ്ദേശിച്ചിരിക്കുന്ന മെറ്റീരിയലുകൾ മാത്രമേ കൈകാര്യം ചെയ്യാവൂ.

തിരഞ്ഞെടുപ്പിന് ശേഷം ചെയ്യേണ്ടത്
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയായാൽ, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രചാരണ ബോർഡുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ ശേഖരിച്ച് യൂസർ ഫീ നൽകി ഹരിതകർമ്മ സേനയ്ക്ക് കൈമാറണം. അതിന്റെ രസീത് ഹരിതകർമ്മ സേനയോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നൽകും. ഇവ ശാസ്ത്രീയമായി സംസ്‌കരിക്കാനായി കൈമാറാത്ത പക്ഷം, തദ്ദേശ സ്ഥാപനങ്ങൾ അവ നീക്കം ചെയ്ത് ചിലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും.

കൂടുതൽ വിവരങ്ങൾ

ഹരിത തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കായുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ശുചിത്വ മിഷൻ തയ്യാറാക്കിയ “ഹരിത ചട്ടപാലനം: സംശയങ്ങളും മറുപടികളും” എന്ന കൈപുസ്തകം ശുചിത്വ മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply